സ്ട്രീറ്റ് പദ്ധതിയിലൂടെ ചേകാടിയെ അനുഭവവേദ്യ ടൂറിസത്തിന്റെ ഹബ്ബാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ പറഞ്ഞു.
വിനോദ സഞ്ചാര വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്‍ പുല്‍പള്ളി പഞ്ചായത്തിലെ ചേകാടിയില്‍ ആരംഭിച്ച സ്ട്രീറ്റ് പദ്ധതിയുടെ ഏകദിന ശില്‍പശാലയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ചേകാടി ഗിരി ജ്യോതി മിഷനില്‍ നടന്ന ശില്‍പശാല പഞ്ചായത്ത് പ്രസിഡന്റ്
ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ രാജു.എം.തോണിക്കടവ് അദ്ധ്യക്ഷത വഹിച്ചു.
ഓരോ പ്രദേശത്തിന്റേയും സാധ്യത കണക്കിലെടുത്ത് കണ്ടറിയാനാവുന്നതും അനുഭവവേദ്യത ഉറപ്പാക്കുന്നതുമായ തെരുവുകള്‍ സജ്ജീകരിക്കുന്നതാണ് പദ്ധതി. ഗ്രീന്‍ സ്ട്രീറ്റ്, കള്ച്ചറല് സ്ട്രീറ്റ്, എത്നിക് ക്യുസീന് / ഫുഡ് സ്ട്രീറ്റ് , വില്ലേജ് ലൈഫ് എക്സ്പീരിയന്സ് / എക്സ്പീരിയന്ഷ്യല് ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടര് സ്ട്രീറ്റ്, ആര്‍ട്ട് സ്ട്രീറ്റ് എന്നിങ്ങനെ തെരുവുകള്‍ നിലവില്‍ വരും. കുറഞ്ഞത് മൂന്ന് സ്ട്രീറ്റുകളെങ്കിലും പദ്ധതിയുടെ ഭാഗമായി ഓരോ സ്ഥലത്തും നടപ്പാക്കും. പൂര്‍ണ്ണമായി പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കാന്‍ വിഭാവനം ചെയ്യുന്ന ഈ പദ്ധതി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും തദ്ദേശ വാസികള്‍ക്കും ടൂറിസം മേഖലയില്‍ മുഖ്യ പങ്ക് വഹിക്കാനാവും വിധമാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. ടൂറിസം ഫോര്‍ ഇന്ക്ലൂസീവ് ഗ്രോത്ത് എന്ന യു എന്‍ഡബ്ല്യൂടിഒ യുടെ പുതിയ ടൂറിസം മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്ട്രീറ്റ്‌ പദ്ധതിക്ക് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപം നല്കിയത്.

സസ്റ്റൈനബിള്‍ ( സുസ്ഥിരം), ടാഞ്ചിബിള്‍ (കണ്ടറിയാവുന്ന ), റെസ്പോണ്സിബിള്‍ (ഉത്തരവാദിത്തമുള്ള ), എക്സ്പീരിയന്ഷ്യല്‍ (അനുഭവവേദ്യമായ), എത്നിക്ക് ( പാരമ്പര്യ തനിമയുള്ള) ടൂറിസം ഹബ്സ് (വിനോദ സഞ്ചാര കേന്ദ്രങ്ങള്‍) എന്നതിന്റെ ചുരുക്കെഴുത്താണ് സ്ട്രീറ്റ്.മൂന്ന് വിഭാഗത്തില്പ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് രൂപപ്പെടുത്തുന്നത്.നാളിതുവരെ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതും എന്നാല്‍ ഭാവിയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരാവുന്നതുമായ ടൂറിസം കേന്ദ്രങ്ങള്‍.അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളുടെ സാമീപ്യമുള്ളതും എന്നാല്‍ ടൂറിസ്റ്റുകള്‍ക്ക് നവ്യാനുഭവങ്ങള്‍ സമ്മാനിക്കാനുതകുന്നതും ലെംഗ്ത് ഓഫ് സ്റ്റേ (താമസ ദൈര്ഘ്യം) വര്‍ധിപ്പിക്കാനുതകുന്നതുമായ പ്രദേശങ്ങള്‍.നിലവില് ചെറിയതോതില് ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നതും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറ്റാന്‍ കഴിയുന്നതുമായ പ്രദേശങ്ങള്‍ എന്നിങ്ങനെയാണ് തരംതിരിവ്.

നാല് വര്ഷമാണ് പദ്ധതി നിര്‍വഹണത്തിനായി തീരുമാനിച്ചിട്ടുള്ള കാലാവധി. പദ്ധതിയുടെ ഭാഗമായി വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെടുത്താനുതകുന്ന 1000 തദ്ദേശീയ യൂണിറ്റുകള്‍ രൂപീകരിക്കാനും ലക്ഷ്യമിടുന്നു. ഇവയില്‍ വനിതാ സംരംഭങ്ങള്‍ക്കും പാര്‍ശ്വവല്കൃത ജനവിഭാഗങ്ങള്‍, കാര്‍ഷിക വിനോദ സഞ്ചാരം എന്നിവയ്ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.