കല്‍പ്പറ്റ: പൊതുവിദ്യാലയ സംരക്ഷണ യജ്ഞം കര്‍മ്മസേന യോഗം കളക്ടറേറ്റ് മിനി കേണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. അന്തരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. അടുത്തമാസം ആദ്യം പദ്ധതിയുടെ പൂര്‍ണ്ണ വിജയത്തിനും നിര്‍മ്മാണ പ്രവൃത്തികളിലെ സാങ്കേതിക തടസങ്ങള്‍ ചര്‍ച്ച ചെയ്യാനും വിപുലമായ യോഗം ചേരാന്‍ തീരുമാനിച്ചു. കൂടാതെ സ്‌കൂള്‍ പ്രധാനാദ്ധ്യപകരുടെയും രക്ഷകര്‍ത്താ സമിതികളുടെയും യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലയില്‍ 12 സ്‌കൂളുകളെയാണ് പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നത്. മൂന്നു സ്‌കൂളുകള്‍ക്ക് അഞ്ചുകോടി വീതവും ഒന്‍പതു സ്‌കൂളുകള്‍ക്കു മൂന്നു കോടി വീതവുമാണ് അക്കാഡമിക്, അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി അനുവദിച്ചിരിക്കുന്നത്. ജില്ലയിലെ മൂന്നു യു.പി സ്‌കൂളുകളുടെ വികസനത്തിനായി ഒരു കോടി രൂപയും വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചിട്ടുണ്ട്. മൂന്നു കോടി അനുവദിച്ച ഒന്‍പത് സ്‌കൂളുകളില്‍ ഏഴെണ്ണത്തിന്റെയും കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടവയാണ്. ഇവിടെങ്ങളിലെല്ലാം ഡി.പി.ആര്‍ തയ്യാറാക്കി നല്‍കിയെങ്കിലും ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിട്ടില്ല. ചില സ്‌കൂളുകളില്‍ കെട്ടിട നിര്‍മ്മാണത്തിനായി മരങ്ങള്‍ മുറിച്ചുമാറ്റേണ്ട നടപടികളും പുരോഗമിക്കുകയാണ്. സ്‌കൂളുകളിലെ നിലവിലെ സൗകര്യങ്ങള്‍പ്പോലും ഇല്ലാതാവുന്ന സാഹചര്യമുണ്ടാവരുതെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മാസത്തില്‍ ഒരു തവണ കര്‍മ്മസേന യോഗം ചേര്‍ന്നു പദ്ധതി പുരോഗതി നിരീക്ഷിക്കും. ജില്ലാ കോര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തില്‍ ഡി.ഡി.ഇ കെ. പ്രഭാകരന്‍, ജില്ലാ കൈറ്റ് കോര്‍ഡിനേറ്റര്‍ തോമസ്, എസ്.എസ്.എസ് പ്രൊജക്ട് ഓഫിസര്‍ ബാബുരാജ്, ഡി.ഇ.ഒ ഹണി ജി.അലക്‌സാണ്ടര്‍, കെ.ബാലകൃഷ്ണന്‍, കെ.എസ് ശ്രീജിത്ത്, കൃഷ്ണന്‍ കോളിയോട് എന്നിവര്‍ പങ്കെടുത്തു.
ജി.എച്ച്.എസ്.എസ് മാനന്തവാടി, ജി.എച്ച്.എസ് കല്‍പ്പറ്റ, ജി.എച്ച്.എസ്.എസ് മീനങ്ങാടി എന്നി സ്‌കൂളുകള്‍ക്കാണ് അഞ്ചുകോടി രൂപ അനുവദിച്ചത്. ജി.എച്ച്.എസ്.എസ് കാട്ടിക്കുളം, ജി.എച്ച്.എസ്.എസ് വടുവന്‍ചാല്‍, ജി.എച്ച്.എസ്.എസ് മേപ്പാടി, ജി.എച്ച്.എസ്.എസ് മൂലംക്കാവ്, ജി.എച്ച്.എസ്.എസ് അമ്പലവയല്‍, ജി.എച്ച്.എസ്.എസ് ആനപ്പാറ, ജി.എച്ച്.എസ്.എസ് വെള്ളമുണ്ട, ജി.എച്ച്.എസ്.എസ് പനമരം, ജി.എച്ച്.എസ്.എസ് കാക്കവയല്‍ എന്നി സ്‌കൂളുകള്‍ക്കാണ് മൂന്നുകോടി രൂപയും അനുവദിച്ചിരിക്കുന്നത്.
