ഇത് സാധാരണക്കാരെ പ്രതിനിധീകരിക്കുന്ന
സര്‍ക്കാര്‍- മന്ത്രി പി. പ്രസാദ്

സാധാരണക്കാരെ പ്രതിനിധീകരിക്കുകയും അവരുടെ മുഖവും മനസും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെയും എന്‍റെ കേരളം പ്രദര്‍ശന-വിപണന മേളയുടെയും ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ബിച്ചില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഒന്നാമത്തെ സർക്കാർ സാധാരണ ജനങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ആവിഷ്ക്കരിച്ചു നടപ്പാക്കിയ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ രണ്ടാം സര്‍ക്കാരും ഊര്‍ജ്ജിതമായി തുടരുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സാധിച്ചു. എല്ലാവര്‍ക്കും തൊഴിലും അന്തസുള്ള ജീവിതവും ഉറപ്പാക്കാന്‍ കഴിയുന്ന കേരളം യാഥാര്‍ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് അതിദ്രുതം മുന്നോട്ടു പോകുന്നത്.

പുറം നാടുകളില്‍ പോയി അധ്വാനവും ബുദ്ധിയും വിറ്റ് ജീവിക്കേണ്ട അവസ്ഥയ്ക്ക് മാറ്റം വരും. എല്ലാ കുടുംബങ്ങളിലും വികസനം സാധ്യമാക്കുന്നതിന് കർഷകർ, തൊഴിലാളികൾ, പാർശ്വവത്ക്കരിക്കപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങളുടെ ക്ഷേമത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിവരുന്നു- മന്ത്രി കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ആറു വര്‍ഷക്കാലം സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ്- സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു.

ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അടിസ്ഥാന സൗകര്യ മേഖലയിലെ വികസന മുന്നേറ്റത്തിനാണ് ഏറ്റവും പ്രാധാന്യം നല്‍കുന്നത്.ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങളെ ചേർത്തുപിടിച്ചു കൊണ്ട് ക്ഷേമപ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന് ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്.വികസന രംഗത്ത് കാലങ്ങളായുള്ള ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുകയും കാലത്തിന് അനുയോജ്യമായ രീതിയിൽ പുതിയ മേഖലകളിലേക്ക് നാടിനെ നയിക്കുകയും വേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു.

വാര്‍ഷികാഘോഷ വേദി മന്ത്രി മന്ത്രി സജി ചെറിയാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ അനാച്ഛാദനം ചെയ്തു. സാമൂഹിക നീതി വകുപ്പ് തയ്യാറാക്കിയ ആദരം മാഗസിന്‍റെയും സാമൂഹ്യം ഡോക്യൂമെന്‍ററിയുടെയും, ആലപ്പുഴ നഗരസഭയുടെ ഒരു വര്‍ഷത്തെ വികസന രേഖകള്‍ ഉള്‍പ്പെട്ട സുവനീറിന്‍റെയും പ്രകാശനം നിര്‍വഹിച്ച മന്ത്രി വയോജനങ്ങള്‍ക്കുള്ള ഗ്ലൂക്കോമീറ്റര്‍ വിതരണവും ഉദ്ഘാടനം ചെയ്തു. ആദ്യ ഗ്ലുക്കോമീറ്റർ ഏലിയമ്മ വാടയ്ക്കൽ ഏറ്റുവാങ്ങി.

എം.എല്‍.എമാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, തോമസ് കെ. തോമസ്, എം.എസ്. അരുണ്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രഭ ശശികുമാര്‍, എ.ഡി.എം സന്തോഷ് കുമാർ, ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

കഴിഞ്ഞ ഒരു വര്‍ഷക്കാലം വിവിധ വകുപ്പുകളും ഏജന്‍സികളും മുഖേന വികസന-ക്ഷേമ മേഖലകളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ ആവിഷ്‌കാരം, ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഉത്പന്ന പ്രദര്‍ശനവും വില്‍പ്പനയും, വിവിധ വകുപ്പുകളുടെ തത്സമയ സേവനങ്ങള്‍, സെമിനാറുകള്‍, പ്രശസ്ത കലാകാരന്മാരുടെ കലാവിരുന്നുകള്‍ തുടങ്ങിയവയാണ് ആഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ രാതി ഒൻപതു വരെയാണ് മേള. പ്രവേശനം സൗജന്യമാണ്.