കല്‍പ്പറ്റ: രൂക്ഷമായ കാലവര്‍ഷക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് കുടുംബശ്രീ അംഗങ്ങള്‍ സഹായമെത്തിക്കുമെന്ന് ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ അറിയിച്ചു. വീട് നഷ്ടപ്പെട്ടവര്‍ക്കും നാശനഷ്ടം സംഭവിച്ചവര്‍ക്കും കഴിയുന്ന സഹായം നല്‍കുന്നതിനും ദുരിതാശ്വാസ ക്യാമ്പുകളിലെ കുടുംബങ്ങളെ അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് സഹായമെത്തിക്കുന്നതിനും നേതൃത്വം നല്‍കാന്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കി. വസ്ത്രം, ഭക്ഷണം, കുടിവെള്ളം, പുതപ്പുകള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ പരമാവധി ശേഖരിച്ച് ദുരിതബാധിതര്‍ക്ക് നല്‍കും. കൂടാതെ ഒറ്റപ്പെട്ട വീടുകളിലും കോളനികളിലും മറ്റും താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനും നിര്‍ദേശിച്ചിട്ടുണ്ട്. ദുരിതബാധിതരെ സഹായിക്കുന്നതിനായി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഫണ്ട് സ്വരൂപിക്കും. ജില്ലാ മിഷന്‍ ടീം അംഗങ്ങള്‍, സ്നേഹിത ജീവനക്കാര്‍, സിഡിഎസ് അക്കൗണ്ടന്റുമാര്‍, സപ്പോര്‍ട്ടിങ് ടീം അംഗങ്ങള്‍, സംരംഭകര്‍ എന്നിവരില്‍ നിന്നു തുക ശേഖരിക്കും. കുടുംബശ്രീ സിഡിഎസുകളിലെ സ്നേഹനിധി ഫണ്ടില്‍ നിന്നു ജില്ലാ മിഷന് തുക കൈമാറും. മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകരും ശനി, ഞായര്‍ ദിവസങ്ങളില്‍ ദുരിതാശ്വാസ പ്രദേശങ്ങളില്‍ സഹായമെത്തിക്കുമെന്നും ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി. സാജിത അറിയിച്ചു.
