സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി ത്രിതല പഞ്ചായത്തുകള്‍ സംയോജിതമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2022 -23 വാര്‍ഷിക പദ്ധതി രൂപീകരണത്തിനുള്ള ഗ്രാമസഭ ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സംയോജിത പദ്ധതികള്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പൂര്‍ത്തീകരിക്കണം. സംയുക്ത പദ്ധതികളുടെ നിര്‍വഹണവും നേരത്ത ആരംഭിക്കണം. നിശ്ചയിച്ച പദ്ധതി പൂര്‍ത്തീകരിച്ചായിരിക്കണം ചെലവ് വിനിയോഗിക്കേണ്ടതെന്നും  പ്രസിഡന്റ് പറഞ്ഞു.

നിര്‍മല ഗ്രാമം – നിര്‍മല നഗരം – നിര്‍മല ജില്ല എന്ന ലക്ഷ്യം കൈവരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സംയുക്തമായി പ്രവര്‍ത്തിക്കണം. ഹരിത കര്‍മസേനയെ പുനസംഘടിപ്പിച്ച് പ്രവര്‍ത്തനം സജീവമാക്കണം. സമ്പൂര്‍ണ ശുചിത്വ കണ്‍വന്‍ഷന്‍, ക്രിമിറ്റോറിയം, സോക്ക് ഇറ്റ്, ടേക്ക് എ ബ്രേക്ക് തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുക. ശൗചാലയങ്ങള്‍ ഇല്ലാത്ത വീടുകള്‍ കണ്ടെത്താന്‍ സര്‍വേ നടത്തണമെന്നും പ്രസിഡന്റ് പറഞ്ഞു.നദീസംരക്ഷണത്തിനായി ജില്ലയിലെ ചെറുതും വലുതുമായ ജലാശയങ്ങളുടെ സര്‍വേ നടത്തി  റെക്കോര്‍ഡ് ചെയ്യണം. നദികളുടെ കൈവഴികളും കണ്ടെത്തി സംരക്ഷിക്കാന്‍ തീരുമാനിച്ചു.

കാര്‍ഷിക മേഖലയില്‍ നിലവിലുള്ള പൊതു പദ്ധതികള്‍ക്ക് ഒപ്പം നൂതന പദ്ധതികളും കൊണ്ടുവരണം.  ജില്ലയിലെ കരിമ്പ് കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനായി കര്‍ഷകരുടെ ഗ്രൂപ്പ് രൂപീകരിക്കും. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ ആവശ്യമായ സംവിധാനങ്ങള്‍ സജ്ജമാക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.
കാട്ടുപന്നിയെ പ്രതിരോധിക്കാന്‍ പ്രതിരോധ വേലി നിര്‍മിക്കുന്ന പ്രോജക്ട്, നെല്‍ക്കൃഷി മുന്നിട്ട് നില്‍ക്കുന്ന പഞ്ചായത്തുകളില്‍ റൈസ് മില്‍, അംഗന്‍വാടികള്‍  സ്മാര്‍ട്ട് ആക്കുക തുടങ്ങി പൊതുവായി നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.