ജൂണ്‍ ഒന്നിന് നടക്കുന്ന സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് വിലയിരുത്തി. ഇതിന്റെ ഭാഗമായി തൊടുപുഴ എ.പി.ജെ അബ്ദുള്‍ കലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. വിദ്യാര്‍ത്ഥികള്‍ സ്്കൂളിലേക്ക് എത്തുന്നതിന് മുന്നോടിയായി പൂര്‍ത്തിയാക്കിയ തയ്യാറെടുപ്പുകള്‍ അദ്ധ്യാപകരും ജീവനക്കാരും വിശദീകരിച്ചു. ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേകം സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂള്‍ കോമ്പൗണ്ടിലും പരിസരങ്ങളിലും നിന്നിരുന്ന കാട്ട് ചെടികളും മറ്റും നീക്കം ചെയ്തു. അപകടകരമായ ഏതാനും മരങ്ങള്‍ വെട്ടി നീക്കുന്നതിന് നഗരസഭയ്ക്ക് കത്ത് നല്‍കി. ക്ലാസ് മുറികള്‍ വൃത്തിയാക്കി കുട്ടികള്‍ക്കുള്ള ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചു. പുസ്തകങ്ങളുടെ വിതരണം അവസാന ഘട്ടത്തിലാണ്. സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണത്തിനുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി. കുടിവെള്ള വിതരണത്തിനായി പഴയ പൈപ്പുകള്‍ മാറ്റുന്ന ജോലി പൂര്‍ത്തിയായിട്ടുണ്ട്. അധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി സ്‌കൂള്‍ പി.ടി.എ മീറ്റിങ് വിളിച്ച് ചേര്‍ത്തിരുന്നു. അദ്ധ്യാപകരുടേയും ജീവനക്കാരുടേയും യോഗവും നടത്തി. ക്ലാസ് മുറികളിലേക്ക് കുട്ടികള്‍ പ്രവേശിക്കുന്നത് മുതല്‍ വൈകിട്ട് വിദ്യാര്‍ത്ഥികള്‍ മടങ്ങും വരെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അദ്ധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പിന്‍വലിക്കാത്തതിനാല്‍ സാനിട്ടൈസര്‍ ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ എല്ലാ ക്ലാസുകളിലുമുണ്ടാകും. സ്‌കൂള്‍ കോമ്പൗണ്ട്, ക്ലാസ് മുറികള്‍, ഓഫീസ്, പാചകപ്പുര തുടങ്ങിയ ഭാഗങ്ങളില്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തി പരിശോധിച്ചു. ജൂണ്‍ ഒന്നിന് രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കുന്ന പ്രവേശനോത്സവം നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.