അവധിപ്പോലും മറന്ന് കര്‍മ്മനിരധരായി റവന്യൂ ഉദ്യോഗസ്ഥരും

കല്‍പറ്റ: കെടുതിയില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വായമായി വ്യക്തികളും സന്നദ്ധ സംഘടനകളും. കുടിവെള്ളം മുതല്‍ സാനിറ്ററി നാപ്കിന്‍ വരെയുള്ള സാധനസാമഗ്രികള്‍ കളക്ടറേറ്റിലെത്തിക്കാന്‍ ആളുകള്‍ സന്നദ്ധരായി. ഇതര ജില്ലകളില്‍നിന്നും അയല്‍ സംസ്ഥാനമായ തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സഹായങ്ങള്‍ ജില്ലയിലേക്കെത്തി. പത്രമാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ജില്ലാ ഭരണകൂടം നല്‍കിയ അറിയിപ്പുകള്‍ എറെ സഹായിച്ചു. ജില്ലാ റവന്യു വകുപ്പിന്റെ നേത്യത്വത്തില്‍ 150-ാളം ഉദ്യോഗസ്ഥരാണ് അവധിപ്പോലും മറന്നു കര്‍മ്മനിരതരായി സാധനങ്ങള്‍ ശേഖരിക്കാനും തരംതിരിച്ച് വിവിധ ക്യാമ്പുകളില്‍ എത്തിക്കാനും രാപ്പകല്‍ പരിശ്രമിക്കുന്നത്.
ക്യാമ്പുകളിലേക്കാവശ്യമായ അരി, കപ്പ, പച്ചക്കറികള്‍, വസ്ത്രങ്ങള്‍, പുതപ്പ്, കുടിവെള്ളം, സാനിറ്ററി നാപ്കിനുകള്‍ തുടങ്ങി വിവിധ സാധനങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കണക്കെടുപ്പിനു ശേഷം ഇവ ആവശ്യാനുസരണം ജില്ലയിലെ വിവിധ ക്യാമ്പുകളിലെത്തിക്കുകയാണ് ചെയ്യുന്നത്. മലയാള മനോരമ, ശ്രീ ഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫണ്ട്‌സ് വയനാട് റീജിയണ്‍, ഡബ്ല്യൂ.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, മില്‍മ, കല്‍പറ്റ വുഡ്‌ലാന്റ് ഹോട്ടല്‍ തുടങ്ങി വിവിധ സ്ഥാപങ്ങളും, സംഘടനകളും വ്യക്തികളും വിവിധതരം സഹായങ്ങള്‍ ഇതിനോടകം എത്തിച്ചു നല്‍കിയിട്ടുണ്ട്. ആവശ്യത്തിനു പുതിയ വസ്ത്രങ്ങള്‍ എത്തുന്നതിനാല്‍ പഴകിയ വസ്ത്രങ്ങള്‍ ആവശ്യമില്ലെന്ന് സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. സ്‌കൂള്‍ ബാഗുകള്‍, പഠനോപകരണങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സാനിറ്ററി നാപ്കിന്‍സ്, പാത്രങ്ങള്‍, ബള്‍ബുകള്‍ തുടങ്ങിയവയാണ് ഇനി ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. സഹായങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ക്യാമ്പുകളില്‍ എത്തിക്കേണ്ട ആവശ്യമില്ല. ജില്ലാ കളക്ടറേറ്റില്‍ എത്തിച്ചു നല്‍കിയാല്‍ മാത്രം മതി. അവ ആളുകളിലേക്കെത്തിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സജീവമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെത്തിയ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ സജ്ജമാക്കിയ ക്യാമ്പിലേക്കുളള നിത്യോപയോഗ സാധനങ്ങളുടെ സംഭരണ കേന്ദ്രം സന്ദര്‍ശിച്ചു. എം.ഐ.ഷാനവാസ് എം.പിയും മന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു. സബ് കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യു സംഘത്തിന്റെ വിതരണ സംവിധാനത്തില്‍ മന്ത്രി തൃപ്തി അറിയിച്ചു. ജില്ലയിലെ ക്യാമ്പുകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനം വളരെ മികച്ചതാണെു ക്യാമ്പിലെ നിവാസികള്‍ ശ്രദ്ധയില്‍പ്പെടുത്തിയെന്നും അവരെ സര്‍ക്കാര്‍ അഭിനന്ദിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.