കല്‍പ്പറ്റ: മന്ത്രി രാമചന്ദ്രന് കടന്നപള്ളി വയനാട് വൈത്തിരി താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളും അപകട ഭീഷണിയിലായ വൈത്തിരി പൊലിസ് സ്റ്റേഷനും സന്ദര്‍ശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ എച്ച്.ഐ.എം യു.പി സ്കൂള്‍, പൊഴുതന പഞ്ചായത്തില്‍പ്പെട്ട വലിയപാറ ഗവ.യു.പി സ്കൂള്‍, മേല്‍മുറിയിലെ വീട്, സുഗന്ധഗിരി ഗവ.യു.പി സ്കൂള്‍ എന്നിവിടങ്ങളാണ് മന്ത്രി സന്ദര്‍ശിച്ചത്. കൂടാതെ മണ്ണിടിഞ്ഞു താഴുന്നുപ്പോയ വൈത്തിരി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലെ കെട്ടിടവും മന്ത്രി സന്ദര്‍ശിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ക്കു ശേഷമായിരുന്നു മന്ത്രി ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്. സി.കെ ശശീന്ദ്രന് എം.എല്‍.എയും ഒപ്പമുണ്ടായിരുന്നു. ക്യാമ്പുകളിലെ സാഹചര്യങ്ങള്‍ പരിശോധിച്ച അദ്ദേഹം ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശവും നല്കി.
ബുധനാഴ്ച രാത്രിയോടെയാണ് കല്‍പ്പറ്റ എച്ച്.ഐ.എം യു.പി സ്കൂളിലെ ക്യാമ്പു പ്രവര്‍ത്തിച്ചു തുടങ്ങിയത്. മണ്ണിടിച്ചല്‍ ഭീഷണിയെ തുടര്‍ന്ന് ചേനമല കോളനി, എടക്കുനി താഴെ ലക്ഷംവീട്, പള്ളിതാഴെ എന്നിവിടങ്ങളിലെ 40 കുടുംബങ്ങളില്‍ നിന്നും 99 പേരെ ഇവിടേക്ക് മാറ്റുകയായിരുന്നു. പൊഴുതന വലിയപാറ ഗവ. യു.പി സ്കൂളില്‍ 165 കുടുംബങ്ങളില്‍ നിന്നും 585 പേര് താമസിക്കുന്നുണ്ട്. ചിലര്‍ ബന്ധു വീടുകളിലേക്കും മറ്റും മാറി താമസിക്കുന്നുണ്ട്. മേല്‍മുറി വീട്ടില്‍ സജ്ജമാക്കിയ ദുരിതാശ്വാസ കേമ്പില്‍ 75 പേരുണ്ട്. കുറിച്യര്‍മലയുടെ മുകളില്‍ വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തെ പ്രകൃതിദത്ത തടാകത്തെ കുറിച്ചുള്ള ആശങ്കകള്‍ നാട്ടുകാര്‍ മന്ത്രിയോട് പറഞ്ഞു. ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സി.കെ. ശശീന്ദ്രന് എം.എല്‍.എയും സ്ഥലത്തുണ്ടായിരുന്ന ജില്ലാ കളക്ടര്‍ എ.ആര് അജയകുമാറും അറിയിച്ചു.
