ജില്ലയില്‍ കാര്‍ഷിക മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന പഞ്ചായത്താണ് പന്തളം തെക്കേക്കര. പഞ്ചായത്തിലെ കാര്‍ഷിക മുന്നേറ്റത്തെപ്പറ്റിയും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ചും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് സംസാരിക്കുന്നു.

തരിശുപാടങ്ങള്‍ നെല്ലറകളാക്കി
കര്‍ഷകര്‍ താമസിക്കുന്ന ചെറിയ ഗ്രാമമാണ്. കാലാവസ്ഥ പ്രതികൂലമായി നിന്നിട്ടും അതിനെയെല്ലാം അതിജീവിച്ചാണ് ഇവിടെ കൃഷിയിറക്കുന്നത്. സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തരിശായ പാടശേഖരത്തില്‍ വിത്തിറക്കി നടത്തിയ കൃഷി മികച്ച വിജയമായി. കൊയ്ത്ത് ഒരു ഉത്സവം പോലെ ഗ്രാമീണര്‍ കൊണ്ടാടി. പച്ചക്കറി കൃഷിയും വ്യാപകമായി ചെയ്തു വരുന്നു. മാവര പാടത്തെ നെല്ല് കുത്തി അരിയാക്കി മാവര അരി ഉടന്‍ വിപണിയില്‍ ഇറങ്ങും.

തട്ടഗ്രാമം ഹരിതമനോഹരം പദ്ധതി
തട്ടഗ്രാമം ഹരിതമനോഹരം എന്ന പേരില്‍ തട്ടയെ മാലിന്യമുക്തമാക്കുന്ന പദ്ധതിക്ക് തുടക്കമിട്ടിരുന്നു. പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കി. ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനായി ലഘുലേഖ എല്ലാ വീട്ടിലും എത്തിച്ചു. ഹരിതസേനയെ ഉപയോഗിച്ച് വീടുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിച്ചു വരുന്നു. വീടുകളില്‍ ബയോ കമ്പോസ്റ്റ് ബിന്‍-റീ കമ്പോസ്റ്റ് ബിന്‍ എന്നിവ നല്‍കി. ഏറ്റവും വിജയകരമായ രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. ഹരിതകര്‍മസേന വീടുകളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നു.

ഹരിതഗ്രാമം പദ്ധതി
ഹരിതസംഘങ്ങള്‍ മുഖേന ഹരിതഗ്രാമം എന്നൊരു പദ്ധതി ഇവിടെ വിഭാവനം ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായി ഓരോ വാര്‍ഡിലും സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്ന പരിശീലനങ്ങള്‍ നല്‍കി വരുന്നു.എല്‍ഇഡി ബള്‍ബുകളുടെ നിര്‍മാണം, തുണിസഞ്ചി നിര്‍മാണം, ചെറുകിട ഉത്പാദന യൂണിറ്റുകള്‍ എന്നിങ്ങനെയാണ് പ്രവര്‍ത്തനങ്ങള്‍.

പഞ്ചായത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍
ശബരിമല ഇടത്താവളം കൂടിയായ തോലൂഴത്ത്  ടേക്ക് എ ബ്രേക്ക് നിര്‍മിച്ചു. ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി 83 ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മിക്കാനാവശ്യമായ ഫണ്ട് വിതരണം ചെയ്തു. എല്ലാ പഞ്ചായത്ത് റോഡുകളും അറ്റകുറ്റപ്പണി നടത്തി. തെരുവുവിളക്കുകള്‍ കൃത്യമായി പരിപാലിപ്പിക്കുന്നു. കൂടാതെ സര്‍ക്കാരിന്റെ നിലാവ് പദ്ധതിയില്‍ അംഗമായി. കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കാതിരിക്കാനായി ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന്  വേലി സ്ഥാപിക്കുന്നതിന് സബ്സിഡി നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചു. സ്‌കൂളുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി സ്മാര്‍ട്ട് ക്ലാസ്‌റൂമുകളാക്കി. കോവിഡ് സമയത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രശ്‌നമായിരുന്നു. ഇതു പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. മുട്ട ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്ക് മുട്ടക്കോഴി വിതരണം നടത്തി.

പഞ്ചായത്തിന്റെ ഭാവി പദ്ധതികള്‍
കീരുകുഴിയില്‍ ഷോപ്പിംഗ് കോംപ്ലക്സും ആനന്ദപ്പള്ളിയില്‍ ടേക്ക് എ ബ്രേക്കും സ്ഥാപിക്കും. കൃഷി വകുപ്പിന്റെ സഹായത്തോടെ നാളികേരം സംസ്‌കരിച്ച് എണ്ണയാട്ടി വിപണിയിലെത്തിക്കുന്ന കേരഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു. കര്‍ഷകര്‍ക്ക് ഓണവിപണി ലക്ഷ്യമിട്ട് ബന്ദിപ്പൂ കൃഷി പരിശീലനം തുടങ്ങി കഴിഞ്ഞു. തട്ടയുടെ കപ്പ വളരെ പ്രശസ്തമാണ്. അതിന്റെ ഉത്പാദനം വര്‍ധിപ്പിക്കും. അതുപോലെ വെറ്റില കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി നടപ്പാക്കും.