മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ആദ്യ ഘട്ട മുന്നറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്ന സാഹചര്യം ഉണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളുടെ ഭാഗമായി അഗ്നി രക്ഷാ സേന ചപ്പാത്ത്, ഉപ്പുതറ, വണ്ടിപ്പെരിയാര്‍, വള്ളക്കടവ് എന്നീ ഇടങ്ങളില്‍ സന്ദര്‍ശനം നടത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍, അസ്‌കാ ലൈറ്റുകള്‍, ഡിങ്കി, സ്‌കൂബാ ടീം എന്നിവയാണ് തയാറാക്കിയിരിക്കുന്നത്. ചപ്പാത്ത്, ഉപ്പുതറ, വണ്ടിപ്പെരിയാര്‍, വള്ളക്കടവ് എന്നീ ഇടങ്ങളില്‍ ആണ് സേന കേന്ദ്രീകരിച്ചിരിക്കുന്നത്. ഇടുക്കി, കട്ടപ്പന, തൊടുപുഴ, പീരുമേട് എന്നീ നിലയങ്ങളിലെ ടീമുകളെയാണ് ഇവിടങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്.

ഇടുക്കി ജില്ലാ ഫയര്‍ ഓഫീസര്‍ അഭിലാഷ് കെ. ആര്‍. ന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അസി. സ്റ്റേഷന്‍ ഓഫീസര്‍മാരായ ഷാജഹാന്‍, പി. കെ എല്‍ദോസ്, പി. അഷറഫ്, ജാഫര്‍ ഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള ടീമുകളാണ് സന്ദര്‍ശനം നടത്തിയത്. കൂടാതെ മഴക്കെടുതി ദുരന്ത നിവാരണമായി ബന്ധപ്പെട്ട് ഇടുക്കി അഗ്നി രക്ഷാ നിലയത്തില്‍ കണ്ട്രോള്‍ റൂംമും ആരംഭിച്ചിട്ടുണ്ട്. ഫോണ്‍ നമ്പര്‍ 101, 04862236100, 9497920162