ലോക മുങ്ങി മരണ നിവാരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. അയ്യന്തോളിലെ ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കലക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്തു. റോഡ് അപകടത്തെക്കാൾ കൂടുതൽ മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന കാലഘട്ടമാണിതെന്ന്  ജില്ലാ കലക്ടർ പറഞ്ഞു. കുട്ടികളാണ് കൂടുതലും  അപകടങ്ങളിൽപെടുന്നതെന്നും നിർബന്ധമായും കുട്ടികൾക്ക് നീന്തൽ പരിശീലനം ലഭ്യമാക്കണമെന്നും കലക്ടർ പറഞ്ഞു. അപകടങ്ങൾ പതിയിരിക്കുന്ന കുളങ്ങൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ,  ജലാശയങ്ങൾ എന്നിവിടങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ സ്ഥാപിക്കണമെന്നും രക്ഷാ പ്രവർത്തനത്തിനുള്ള ഉപകരണങ്ങൾ ഇത്തരം ഇടങ്ങളിൽ ലഭ്യമാക്കണമെന്നും
കലക്ടർ നിർദ്ദേശിച്ചു.

മൂന്ന് സെഷനുകളിലായി നടന്ന പരിപാടിയിലെ ആദ്യ സെഷനിൽ ‘ബേസിക് സ്കിൽസ് ഇൻ ഫസ്റ്റ് എയ്ഡ്’ എന്ന വിഷയത്തിൽ ജനറൽ ഹോസ്പിറ്റലിലെ ഡോ. ഷിജിത ക്ലാസെടുത്തു. സി പി ആറിന്റെ ആവശ്യകത, ഫസ്റ്റ് എയ്ഡ് എന്നിവയെക്കുറിച്ച് വിശദമാക്കിയ ക്ലാസിൽ സി പി ആർ ചെയ്യുന്നത് കുട്ടികളെ നേരിട്ട് പരിശീലിപ്പിക്കുകയും  ചെയ്തു. വീടുകളിലും ജോലി സ്ഥലങ്ങളിലും ഫസ്റ്റ് എയ്ഡ്’ കിറ്റ് കരുതണമെന്നും ഫസ്റ്റ് എയ്ഡിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട സാധനങ്ങളെക്കുറിച്ചും ക്ലാസിൽ വിശദീകരിച്ചു.

ഫയർ ആൻഡ് റെസ്‌ക്യു ടെക്നിക്കുകളെക്കുറിച്ച് ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ നയിച്ച ക്ലാസായിരുന്നു രണ്ടാം സെഷനിൽ. ഏതൊക്കെ  സാഹചര്യത്തിൽ മുങ്ങിമരണം സംഭവിക്കാം, വെള്ളത്തിൽ മുങ്ങിപോകുന്ന ഒരാളെ ഏതൊക്കെ രീതിയിൽ രക്ഷപ്പെടുത്താം എന്നിവയും ക്ലാസിൽ ചർച്ചയായി. വെള്ളത്തിൽ മുങ്ങി പോകുന്ന ഒരാളെ രക്ഷിക്കുന്ന രീതിയെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും പരിശീലനത്തിൻ്റെ ഭാഗമായി നടന്നു.
തുടർന്ന് വാട്ടർ സേഫ്റ്റി ടെക്നിക്സ് എന്ന വിഷയത്തിൽ ജില്ലാ വാട്ടർ റെസ്ക്യൂ ടീം കുട്ടികൾക്ക് പരിശീലനം നൽകി. ഫ്ലോട്ടിങ് ഉപകരണങ്ങൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നതിൻ്റെ വിശദമായ ക്ലാസുകളും പരിശീലനവും പരിപാടിയുടെ ഭാഗമായി നടത്തി.

ലോക മുങ്ങി മരണ നിവാരണ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സമഗ്രമായ പൊതുജന അവബോധ പരിപാടികളാണ് സംഘടിപ്പിച്ചത്. കുടുംബങ്ങളിലും സമൂഹത്തിലും  മുങ്ങിമരണത്തിന്റെ വിനാശകരവും സുദീർഘവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അത് തടയാനുള്ള ജീവൻരക്ഷാ മാർഗങ്ങളെക്കുറിച്ചും അവബോധം വളർത്തുക എന്നുള്ളതാണ് ഈ വർഷത്തെ മുങ്ങിമരണ നിവാരണ ദിനാചരണം ലക്ഷ്യം.
നീന്തൽ പഠിപ്പിക്കുക, ജലസുരക്ഷ അവബോധം ഉളവാക്കുക, സുരക്ഷിതമായ ജീവൻ രക്ഷാ നൈപുണ്യങ്ങൾ പരിശീലിപ്പിക്കുക, രക്ഷാപ്രവർത്തനത്തിലും പുനരുജ്ജീവനത്തിലും സാധാരണക്കാരെ  പരിശീലിപ്പിക്കുക, സുരക്ഷിതമായ ജലഗതാഗത മാർഗങ്ങൾ സ്ഥാപിക്കുക, വെള്ളപ്പൊക്ക അപകടസാധ്യതാ നിർമാർജനം ഉറപ്പുവരുത്തുക എന്നിവയും ഈവർഷത്തെ മുങ്ങിമരണ ദിനാചരണത്തിന്റ ലക്ഷ്യങ്ങളാണ്.

ജില്ലയിലെ ഏഴ് കോളേജുകളിൽ നിന്നായി
എൻസിസി, എൻഎസ്എസ് വോളന്റിയർമാർ ഉൾപ്പെടെ 50 ഓളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു. പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ജില്ലാ പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഡെപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം) കെ എസ് പരീത്, ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ, ഹസാർഡ് അനലിസ്റ്റ് സുസ്മി സണ്ണി എന്നിവർ പങ്കെടുത്തു.