അളഗപ്പ നഗർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വികസനങ്ങൾ ഘട്ടം ഘട്ടമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കെ കെ രാമചന്ദ്രൻ എംഎൽഎ.
ആരോഗ്യ കേന്ദ്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ആരോഗ്യ കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങൾ രണ്ട് ഘട്ടങ്ങളായാണ് നടക്കുക. 143 ലക്ഷം രൂപയുടെ പ്രൊപ്പോസലാണ് നൽകിയത്. 2022-23 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കുന്ന ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി 43 ലക്ഷം രൂപയുടെ അനുമതിയാണ് ലഭിച്ചത്. രണ്ടാംഘട്ടം വികസന പ്രവർത്തനങ്ങൾ അടുത്ത സാമ്പത്തിക വർഷത്തിൽ നടക്കും. ഇതിനായി ഒരു കോടി രൂപയുടെ പ്രാരംഭ അനുമതിയാണ് ലഭിച്ചത്.
പുതിയ കെട്ടിടം, പുതിയ ലാബ് കെട്ടിടം, വിഷൻ സെന്റർ എന്നിവയാണ് ആരോഗ്യ കേന്ദ്രത്തിൽ പുതുതായി ഒരുക്കുന്നത്.
ഇതിനായി നാഷണൽ ഹെൽത്ത് മിഷന്റെ ഫണ്ട് ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു. ഹെൽത്ത് സെന്ററിന്റെ വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. രാഹുൽ യു ആർ, ജില്ലാ പഞ്ചായത്ത് അംഗം വി എസ് പ്രിൻസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എം ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി കെ ശേഖരൻ, പി എസ് പ്രീജു, ഷൈലജ നാരായണൻ, സജ്നാ ഷിബു, ജിഷ്മ രഞ്ജിത്ത്, പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഉമേഷ് എസ്, ഹെൽത്ത് ഇൻസ്പെക്ടർ സൈമൺ പോൾ, ജനപ്രതിനിധി പി കെ വിനോദ്, സോജൻ ജോസഫ്, എച്ച് എം സി അംഗമായ പിവി ഗോപിനാഥൻ എന്നിവർ പങ്കെടുത്തു.