സമ്പൂർണ സാക്ഷരതാ പ്രവർത്തനങ്ങളുടെ മാതൃകയിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനങ്ങളിലേക്കു കേരളം കടക്കണമെന്നും ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ ഓൺലൈൻ കുറ്റകൃത്യങ്ങളിൽനിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനും നിയമസഹായം ലഭ്യമാക്കി അവരെ ജീവിതത്തിലേക്കു തിരികെ എത്തിക്കുന്നതിനുമായി കേരള പൊലീസ് നടപ്പാക്കുന്ന കൂട്ട് എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സൈബർ ലോകത്തുണ്ടാകുന്ന ചതിക്കുഴികളിൽ ഏറ്റവും കൂടുതൽ ഇരയാകുന്നതു കുട്ടികളാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പലതരത്തിൽ പ്രലോഭിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും ഇത്തരം ചതിക്കുഴികൾ കുട്ടികളെ ഇരയാക്കുന്നുണ്ട്. ആത്മഹത്യയിലേക്കുവരെ തള്ളിവിടുന്ന അവസ്ഥ ഇതുമൂലമുണ്ടാകുന്നുണ്ട്. ഇക്കാര്യത്തിൽ ശരിയായ ജാഗ്രത പാലിച്ചുപോകാൻ കഴിയണം. സൈബർ ലോകത്തെ ചതിക്കുഴികൾ നേരിടുന്നതിന് മാതൃകാപരമായ നടപടികൾ സ്വീകരിക്കണം.
കോവിഡ് കാലത്ത് വിദ്യാഭ്യാസ രംഗത്തുണ്ടായ സ്തംഭനാവസ്ഥ മറികടക്കാൻ സഹായിച്ചത് ഓൺലൈൻ വിദ്യാഭ്യാസമാണ്. വ്യാപകമായി കുട്ടികൾ ഓൺലൈൻ ലോകത്തേക്കു കടന്നപ്പോൾ ചെറിയ കുട്ടികളടക്കം സൈബർ രംഗം വലിയ തോതിൽ പരിചയപ്പെട്ടു. ഇപ്പോൾ അതു ജീവിതത്തിന്റെ ഭാഗമായി. ഇത് ഒഴിവാക്കി മുന്നോട്ടുപോകാൻ കഴിയില്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഓൺലൈൻ സമ്പ്രദായം വ്യാപകമാകുന്ന കാലഘട്ടത്തിൽ സൈബർ രംഗത്തെക്കുറിച്ചു കൃത്യമായ ധാരണയുണ്ടാകുകയെന്നതു പ്രധാനമാണ്.
സമ്പൂർണ സാക്ഷരത പ്രഖ്യാപിച്ചുള്ള വലിയ ക്യാംപെയിൻ കേരളം നടത്തിയപ്പോഴാണു കേരളത്തിലെ മുഴുവൻ ആളുകളും സാക്ഷരരായി മാറിയത്. ഇപ്പോൾ എല്ലാവരുടേയും കൈയിൽ ഫോണുകളുണ്ട്. ഏറിയകൂറും സ്മാർട്ട്ഫോണാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട പൂർണമായ അറിവ് സമൂഹത്തിൽ എല്ലാവർക്കുമുണ്ടായെന്നു പറയാനാകില്ല. ഇവിടെയാണു സമ്പൂർണ ഡിജിറ്റൽ സാക്ഷരതയുടെ ആവശ്യം. സൈബർ സുരക്ഷാ മേഖലയിൽ മാതൃകാപരമായ പ്രവർത്തനമാണു സംസ്ഥാന പൊലീസ് നടത്തുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ഇടപെടലുകൾ നടത്താൻ കൂട്ട് പദ്ധതിക്കു കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം, ബച്പൻ ബചാവോ ആന്തോളൻ സി.ഇ.ഒ. രജനി സേഖ്രി സിബൽ, കൗൺസിലർ രാഖി രവികുമാർ, ദക്ഷിണ മേഖലാ ഐജി പി. പ്രകാശ്, ഡി.ഐ.ജി. ആർ. നിശാന്തിനി, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, മെറ്റാ ട്രസ്റ്റ് ആൻഡ് സേഫ്റ്റി മേധാവി വിജയൻ പമാരതി, സ്‌കൂൾ പ്രിൻസിപ്പാൾ വിൻസന്റ് തുടങ്ങിയവർ പങ്കെടുത്തു.