ആസാദി കാ അമൃത മഹോത്സവത്തോടനുബന്ധിച്ച് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം സംഘടിപ്പിക്കുന്ന ഉജ്ജ്വല്‍ ഭാരത് ഉജ്ജ്വല്‍ ഭവിഷ്യ – പവര്‍ @ 2047 വൈദ്യുതി മഹോത്സവം സമാപിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഊര്‍ജ്ജ രംഗത്തെ നേട്ടങ്ങള്‍ പൊതുജന സമക്ഷം അവതരിപ്പിക്കുന്നതിനാണ് രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ വൈദ്യുതി മഹോത്സവം സംഘടിപ്പിച്ചത്. കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ നടന്ന വൈദ്യുതി മഹോത്സവ പരിപാടികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. പി.എഫ്.സി ജില്ലാ നോഡല്‍ ഓഫീസര്‍ ശശികാന്ത് ലഖേര വിഷയാവതരണം നടത്തി. ജില്ലാ കളക്ടര്‍ എ. ഗീത, കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ നിജിത, കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് സുസ്മിത മേരി റോബിന്‍സ്, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ. റെജി കുമാര്‍, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ ഷിബു അലക്‌സ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. വൈദ്യുതി മഹോത്സവത്തിന്റെ ഭാഗമായി വൈദ്യുത മേഖലയില്‍ നടപ്പിലാക്കിയ പദ്ധതികളും കൈവരിച്ച നേട്ടങ്ങളെ കുറിച്ചുള്ള വീഡിയോ പ്രദര്‍ശനവും കലാസാംസ്‌ക്കാരിക പരിപാടികളും അരങ്ങേറി. വൈദ്യുത ഗുണഭോക്താക്കള്‍ തങ്ങളുടെ അനുഭവങ്ങള്‍ ചടങ്ങില്‍ പങ്കിട്ടു.
