ആലപ്പുഴ: സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും ദേശീയ പതാക ഉയര്‍ത്തുന്ന ഹര്‍ ഘര്‍ തിരംഗ കാമ്പയിനിനു വേണ്ടി ആലപ്പുഴ ജില്ലയില്‍ കുടുംബശ്രീ ഒരുക്കുന്നത്‌ രണ്ടു ലക്ഷം ദേശീയ പതാകകള്‍.

വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും ഈ മാസം 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

കുടുംബശ്രീയുടെ കീഴിലുള്ള നല്‍പ്പതോളം തയ്യല്‍ യൂണിറ്റുകളില്‍ പതാകകള്‍ തയ്യാറാക്കുന്നുണ്ട്. മുന്‍കൂട്ടി പ്രിന്‍റ് ചെയ്ത് വന്ന തുണി മുറിച്ച് 30 ഇഞ്ച് നീളവും 20 ഇഞ്ച് വീതിയുമുള്ള പതാകയാക്കുകയാണ്.

പതാകകള്‍ 12-ാം തീയതിക്കു മുന്‍പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ സഹകരണത്തോടെ വീടുകളിലും സ്ഥാപനങ്ങളിലും നിശ്ചിത നിരക്കില്‍ പതാകകള്‍ എത്തിക്കും.