ജില്ലാതല ഹരിത കര്‍മ്മസേന സംഗമവും ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ വിനയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എ. ഗീത മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ മികച്ച ഹരിത കര്‍മ്മസേനയായ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേനയെ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി.കെ നസീമ ആദരിച്ചു. ഹരിത മിത്രം കൈപുസ്തക പ്രകാശനം തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.ജയരാജന്‍ നിര്‍വഹിച്ചു. എ.ഡി.എം എന്‍.ഐ ഷാജു ഹരിത മിത്രം വീഡിയോ പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ സെക്രട്ടറി എ.കെ റഫീക് ബ്രോഷര്‍ പ്രകാശനം ചെയ്തു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മസേന പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുന്നതിനും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മസേന സംരംഭങ്ങളുടെ മാതൃക പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുന്നതിനുമാണ് ഹരിത കര്‍മ്മസേന സംഗമം സംഘടിപ്പിച്ചത്. സംഗമത്തോടനുബന്ധിച്ച് ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്കായി വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നടന്നു. കെല്‍ട്രോണ്‍ പ്രൊജക്ട് ഡിസ്ട്രിക്ട് എന്‍ജിനീയര്‍ സുജൈ കൃഷ്ണന്‍ , ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ് , ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ നിധി കൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ഹരിത കര്‍മ്മസേന അംഗങ്ങളുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ആശങ്കകളും സംഗമത്തില്‍ പങ്കുവെച്ചു. സംഗമത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് ബദല്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു. ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വി.കെ ശ്രീലത, നവകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.വാസുപ്രദീപ്, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എസ്.വിഘ്‌നേഷ്, ശുചിത്വ മിഷന്‍ അസിസ്റ്റന്‍ന്റ് കോര്‍ഡിനേറ്റര്‍ കെ. റഹീം ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
*ശുചിത്വ സന്ദേശവുമായി സെല്‍ഫി പോയിന്റും ഫോട്ടോ പ്രദര്‍ശനവും*
ഹരിത കര്‍മ്മസേന ജില്ലാതല സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനവും സെല്‍ഫി പോയിന്റും കാഴ്ചക്കാര്‍ക്ക് കൗതുകമായി. പ്ലാസ്റ്റിക്കിനെതിരെ അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സെല്‍ഫി പോയിന്റ് ഒരുക്കിയത്. ഹരിത കര്‍മ്മസേന അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പഞ്ചായത്ത് അംഗങ്ങള്‍, ജീവനക്കാര്‍, തുടങ്ങിയവര്‍ സെല്‍ഫി പോയിന്റിന്റെ ഭാഗമായി. ജില്ലയില്‍ മാലിന്യ സംസ്‌കരണം, ജലസംരക്ഷണ മേഖലയില്‍ ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവര്‍ നടത്തിയ പ്രധാന പദ്ധതികളും പ്രവര്‍ത്തനങ്ങളും ആസ്പദമാക്കിയാണ് ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചത്. വീടുകളിലെയും സ്ഥാപനങ്ങളിലെയും അജൈവ മാലിന്യ സംസ്‌ക്കരണ ഉപാധികളെയും പരിചയപ്പെടുത്തി.