കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിലൂടെ ഇനി മുതല്‍ സ്മാര്‍ട്ടാകും. പഞ്ചായത്തില്‍ ഹരിത മിത്രം ആപ്ലിക്കേഷന്റെ ക്യൂആര്‍ കോഡ് ഇന്‍സ്റ്റലേഷന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി പി റനീഷ് നിര്‍വ്വഹിച്ചു. ഹരിത കര്‍മ്മ സേനയും കുടുംബശ്രീ വാളണ്ടിയര്‍മാരും കൂടി ചേര്‍ന്നാണ് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂആര്‍ കോഡ് ഇന്‍സ്റ്റലേഷന്‍ ചെയ്യുന്നത്.

തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ അതത് സമയങ്ങളില്‍ തന്നെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സംസ്ഥാനതലം മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡ് തലം വരെ മോണിട്ടര്‍ ചെയ്യുന്നതിനായി കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കില എന്നിവരുടെ സഹകരണത്തോടെ വികസിപ്പിച്ച ആപ്ലിക്കേഷനാണ് ഹരിത മിത്രം. ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമായി ഡാറ്റാ ബേസ്, ടെക്‌നീഷ്യന്‍സ് ആപ്പ്, കസ്റ്റമര്‍ ആപ്പ്,എം.സി.എസ്/ആര്‍ആര്‍എഫ് ആപ്പ്, വെബ് പേര്‍ട്ടല്‍ തുടങ്ങിയ അഞ്ച് ഘടകങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാണ്.

പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ അധ്യക്ഷത വഹിച്ചു. നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു പദ്ധതി അവതരണം നടത്തി. ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ വി.കെ ശ്രീലത മുഖ്യ പ്രഭാഷണം നടത്തി. വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ഹണി ജോസ്, പഞ്ചായത്ത് സെക്രട്ടറി കെ.എം തോമസ്, മെമ്പര്‍മാരായ ആന്റണി ജോര്‍ജ്, പുഷ്പ സുന്ദരന്‍, സംഗീത് സോമന്‍, കെല്‍ട്രോണ്‍ എഞ്ചിനീയര്‍ ടി.എസ് സുജയ് കൃഷ്ണ, വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ അബ്ദുള്‍ റൗഫ്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ശോഭരാജ്, നിറവ് കോര്‍ഡിനേറ്റര്‍ ഒ.ജെ ബിന്ദു, ഹരിത കര്‍മ്മ സേന പ്രസിഡന്റ് അനിത തിലകാനന്ദ്, സെക്രട്ടറി വി.എം ആനീസ് തുടങ്ങിയവര്‍ സംസാരിച്ചു.