കൊടകര ബ്ലോക്ക് പഞ്ചായത്ത് അതിദാരിദ്ര്യ കുടുംബങ്ങൾക്കുള്ള മൈക്രോ പ്ലാൻ തയ്യാറാക്കൽ ബ്ലോക്ക് തല ശിൽപശാല നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ശിൽപശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ റേഷൻ കാർഡ് ഇല്ലാത്ത ഗുണഭോക്താവായ വർഗീസ് പാലപ്പിള്ളിക്ക് ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസിൽ നിന്ന് ലഭ്യമാക്കിയ റേഷൻ കാർഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. കില കോഡിനേറ്റർ അബ്ദുൽ റസാഖ്, ഗ്രാമപഞ്ചായത്തിന്റെ ചുമതലയുള്ള കില ആർപിമാർ എന്നിവർ മൈക്രോ പ്ലാൻ ക്രോഡീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാ മനോഹരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി ആർ അജയഘോഷ് സ്വാഗതം പറഞ്ഞു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടെസി ഫ്രാൻസിസ്, അളഗപ്പനഗർ, വരന്തരപ്പിള്ളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, നോഡൽ ഓഫീസർ, അസി.നോഡൽ ഓഫീസർമാർ വിവിധ വകുപ്പുകളിലെ ഓഫീസ് മേധാവികൾ, സെന്റ് തോമസ് കോളേജിലെ എംഎസ്ഡബ്ല്യു വിദ്യാർത്ഥികൾ, പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിലെ സൈക്കോളജി വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. ജോയിന്റ് ബിഡിഒ ലൗലി യോഗത്തിന് നന്ദി അറിയിച്ചു.