പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വിദ്യാകിരണം പദ്ധതിയും പൊതു വിദ്യാലയങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇതിന്റെ തുടര്‍ച്ചയായി പത്തര ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പുതിയതായി പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടിയെന്നും അദ്ദേഹം പറഞ്ഞു. ആര്യനാട് ഗവണ്മെന്റ് എല്‍. പി ആന്‍ഡ് മോഡല്‍ പ്രീപ്രൈമറി സ്കൂളിന്റെ പുതിയ ഇരുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ ജി സ്റ്റീഫന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു.
ലഹരിക്കെതിരായ പോരാട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ മുന്നണിപ്പോരാളികളാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലഹരി നിരസിക്കാനും ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്താനുമുള്ള ആര്‍ജവം വിദ്യാര്‍ത്ഥികള്‍ നേടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്നതും നെടുമങ്ങാട് ഉപജില്ലയിലെ പ്രീ പ്രൈമറി, കലാ-കായിക മേളകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സ്കൂളുകളില്‍ ഒന്നുമാണ് ആര്യനാട് ഗവണ്മെന്റ് എല്‍. പി ആന്‍ഡ് മോഡല്‍ പ്രീപ്രൈമറി സ്കൂള്‍. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നബാര്‍ഡില്‍ നിന്നും ലഭിച്ച 2 കോടി രൂപ ബഡ്ജറ്റിലാണ് ഇരുനില മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്.