സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് തയ്യാറാക്കിയ ലക്കി ബിൽ ആപ്പ് കൂടുതല്‍ ജനകീയമാക്കുന്നതിനായി ജില്ലയില്‍ പ്രചാരണ ക്യാമ്പയിന് തുടങ്ങി. കോളേജുകളിലും പൊതു ഇടങ്ങളിലും ഫ്ളാഷ് മോബ് അടക്കമുള്ള ബോധവത്ക്കരണമാണ് ജില്ലയില്‍ നടക്കുന്നത്. സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോള്‍ പൊതുജനങ്ങള്‍ നല്കുന്ന നികുതി കൃത്യമായി സര്‍ക്കാരിലേക്ക് എത്തുന്നുവെന്ന് ജനങ്ങള്‍ക്ക് ഉറപ്പാക്കാനുള്ള സംവിധാനമാണ് ലക്കി ബില്‍ ആപ്പ്. നികുതി വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്നോ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ആപ്പിലൂടെ ബില്ലിന്റെ ഫോട്ടോ എടുക്കുമ്പോള്‍ ജി.എസ്.ടി നമ്പര്‍, ഇന്‍വോയ്സ് നമ്പര്‍, തീയതി, ഇന്‍വോയ്സ് തുക എന്നിവ ആപ്പ് ഓട്ടോമാറ്റിക്കായി രേഖപ്പെടുത്തും. ആപ്പ് ഉപയോഗിക്കുന്നതിലുടെ സമ്മാനങ്ങളും ജനങ്ങള്‍ക്ക് ജിഎസ്.ടി വകുപ്പ് നല്‍കുന്നുണ്ട്. പ്രതിദിന, പ്രതിവാര, പ്രതിമാസ നറുക്കെടുപ്പിലുടെയാണ് സമ്മാനങ്ങള്‍ ലഭിക്കുക. കൂടാതെ ബംബര്‍ സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കും. ജി.എസ്.ടി രജിസട്രേഷനുള്ള വ്യാപാരികളില്‍ നിന്ന് ലഭിക്കുന്ന ബില്ലുകള്‍ മാത്രമാണ് നറുക്കെടുപ്പിന് പരിഗണിക്കുക.
ലക്കി ബില്‍ ആപ്പിന്റെ പ്രചാരണാര്‍ത്ഥം കഴിഞ്ഞ ദിവസങ്ങളില്‍ മാനന്തവാടിയിലെ കോപ്പറേറ്റീവ് കോളേജ്, ന്യുമാന്‍സ് കോളേജ് ബത്തേരിയിലെ സെന്റ് മേരീസ്, കോപ്പറേറ്റീവ് , ഡോണ്‍ ബോസ്കോ കോളേജുകളില്‍ ഫ്ളാഷ് മോബുകള്‍ സംഘടിപ്പിച്ചു. വരും ദിവസങ്ങളില്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ കിയോസ്കുകള്‍ പോലുള്ള സംവിധാനങ്ങള്‍ തുടങ്ങിയും ബസ് സ്റ്റാന്‍ഡ് പോലുള്ള പൊതു ഇടങ്ങളില്‍ ഫ്ളാഷ് മോബുകള്‍ നടത്തിയും ആപ്പുമായ് ബന്ധപ്പെട്ട് കൂടുതല്‍ പ്രചരണ പരിപാടികളുമായ് മുന്നോട്ട് പോകാന്‍ ഒരുങ്ങുകയാണ് വകുപ്പ്.
