കോഴിക്കോട് വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ ലോഗോ പ്രകാശനം മേയർ ഡോ. ബീന ഫിലിപ്പ് സംവിധായകൻ വി.എം വിനുവിന് നൽകി നിർവ്വഹിച്ചു. ബീച്ചിലെ സ്വാഗത സംഘം ഓഫീസിൽ നടന്ന ചടങ്ങിൽ സബ് കലക്ടർ വി. ചെൽസാസിനി അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ വി. മുസഫർ അഹമ്മദ് മുഖ്യാതിഥിയായി.
സെപ്റ്റംബർ 9 മുതൽ 11 വരെ നടക്കുന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായി ജില്ലയിൽ വിപുലമായ കലാസാംസ്കാരിക പരിപാടികളാണ് നടക്കുക.
കോർപറേഷൻ കൗൺസിലർ എം.കെ മഹേഷ്, ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡ് ചെയർമാൻ കെ.പി അനിൽകുമാർ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ, ടൂറിസം ജോയിന്റ് ഡയറക്ടർ ടി.ജി അഭിലാഷ് കുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.ആർ പ്രമോദ്, കൺവീനർ എസ്.കെ. സജീഷ്, കോ ഓർഡിനേറ്റർ കെ.ടി. ശേഖർ, ഇനാഗുറൽ ആൻഡ് വാലിഡിക്റ്ററി ഫങ്ഷൻ കമ്മിറ്റി കൺവീനർ പ്രേംകുമാർ, ഡി. ടി. പി.സി സെക്രട്ടറി നിഖിൽ ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
നടുവണ്ണൂർ സ്വദേശി കെ.കെ അൽത്താഫാണ് ലോഗോ രൂപകൽപന ചെയ്തത്. ആർട്ടിസ്റ്റ് മദനന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് ലോഗോ തിരഞ്ഞെടുത്തത്. വിജയിക്കുള്ള സമ്മാനം ഓണാഘോഷ പരിപാടിയിൽ കൈമാറും.