വെള്ളക്കെട്ട് നിറഞ്ഞ നിരണം കൊമ്പങ്കേരിയില്‍ അധികമാര്‍ക്കും എത്തിപ്പെടാന്‍ സാധിച്ചിരുന്നില്ല. അവിടെ ക്യാമ്പുകളിലുള്ളവര്‍ കരുതിയിരുന്ന ഭക്ഷണമെല്ലാം തീരുകയും ചെയ്തു. ഗത്യന്തരമില്ലാതെ നില്‍ക്കുമ്പോഴാണ് മന്ത്രി മന്ത്രി മാത്യു ടി തോമസും സംഘവും ഭക്ഷണവും കുടിവെള്ളവുമായി എത്തുന്നത്. വെള്ളം താഴാത്തിനാല് സ്കൂളിലെ സ്റ്റേജുകളില്‍ കയറ്റിയിട്ട ഡെസ്കിലാണ് അവിടെ ഇപ്പോഴും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഒരു ടോറസ് ലോറി നിറയെ ഭക്ഷണവും കുടിവെള്ളവുമായിട്ടാണ് മന്ത്രി സ്ഥലത്തെത്തിയത്. എന്നാല്‍ ക്യാമ്പിലേക്ക് പോകാന്‍ സാധിക്കുമായിരുന്നില്ല. തുടര്‍ന്ന് നേവിയുടെ സഹായം തേടി. നാവികസേനയുടെ ചെറുബോട്ടില്‍ മന്ത്രി ക്യാമ്പുകളിലെത്തി എല്ലാവര്ക്കും ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും പായയും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്തതോടെ ദുരിതബാധിതര്‍ക്ക് ആശ്വാസമായി. മന്ത്രിയെ സഹായിക്കാന്‍ കോയമ്പത്തൂരിലെ എന്‍ജിനിയറിങ് കോളജില്‍ പഠിക്കുന്ന മൂന്നാര്‍, മലപ്പുറം, തലശ്ശേരി സ്വദേശികളായ വിദ്യാര്‍ഥികളും ഒപ്പംകൂടി. കടപ്ര, പനച്ചിമുക്ക്, നിരണം പ്രദേശത്തെ എല്ലാ ക്യാമ്പുകളിലും മന്ത്രി സന്ദര്‍ശനം നടത്തി. രാവിലെ എട്ടിന് പുറപ്പെട്ട മന്ത്രിയും സംഘവും രാത്രി പത്തിനാണ് തിരിച്ചെത്തിയത്. മന്ത്രിയുടെ കൂടെയുണ്ടായിരുന്ന പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാര്‍ വന്നത് മന്ത്രി ഓഫീസിലെ ഉദ്യോഗസ്ഥര്‍ വാങ്ങി നല്കിയ വസ്ത്രങ്ങളും മറ്റുമായാണ്. തിരുവല്ല എസ് ഐ വിനോദ്, മന്ത്രിയുടെ പി എ ജോണ്‍ പി ജോണ്‍, നേവി-പൊലീസ് സംഘാങ്ങള്‍ എന്നിവരും മന്ത്രിയെ അനുഗമിച്ചു.