ലോക വയോജന ദിനത്തോടനുബന്ധിച്ച് കോഴിക്കോട് കോർപ്പറേഷന്റെ നേതൃത്വത്തിൽ വയോജന നടത്തം സംഘടിപ്പിച്ചു. ഫ്രീഡം സ്ക്വയർ മുതൽ സൗത്ത് ബീച്ച് വരെ സംഘടിപ്പിച്ച വയോജന നടത്തത്തിന്റെ ഫ്ലാഗ് ഓഫ് ഡെപ്യൂട്ടി മേയർ സി. പി മുസാഫർ അഹമ്മദ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി ദിവാകരൻ, കോർപ്പറേഷൻ കൗൺസിൽ അം​ഗങ്ങൾ, വിവിധ വാർഡുകളിൽ നിന്നുള്ള വയോജനങ്ങൾ ഉൾപ്പെടെ 250-ഓളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച നോളജ് ആന്റ് സ്കിൽ ബേങ്ക് രൂപീകരണ യോ​ഗം മുൻമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരന്മാരുടെ സേവനം ന​ഗരസഭാ വികസനത്തിനും പദ്ധതി നിർവഹണത്തിനും എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന്റെ ഭാ​ഗമായാണ് കോർപ്പറേഷന്റെ നേതൃത്വത്തിൽ നോളജ് ആന്റ് സ്കിൽ ബേങ്ക് രൂപീകരിക്കുന്നത്.
ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.സി രാജൻ, കോർപ്പറേഷൻ സെക്രട്ടറി കെ.യു ബിനി എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിരമിച്ചവരും നിരവധി വർഷത്തെ പ്രവൃത്തി പരിചയമുള്ളവരും പങ്കാളികളായി.