പത്തനംതിട്ട: ജില്ലയില്‍ പ്രളയക്കെടുതിയില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വീടുകളുടെ ശുചീകരണം ആരംഭിച്ചു.പ്രളയത്തിന് ശാഷം വീടുകളിലേക്ക് മടങ്ങുന്നവര്‍ അഭിമുഖികരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ശുചീകരണമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് കുടുബശ്രീ ശുചീകരണത്തിന് മുന്നിട്ടിറങ്ങുന്നത്. ജില്ലയിലെ 1508 വീടുകള്‍ ഇന്നലെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ശുചീകരിച്ചു.വിവിധ സി ഡി എസുകളില്‍ നിന്നുള്ള 1774 കുടുംബശ്രീ അംഗങ്ങളാണ് ശുചീകരണത്തില്‍ പങ്കാളികളായത്.വടശേരിക്കര,അങ്ങാടി, പഴവങ്ങാടി, സീതത്തോട്, നാറാണംമൂഴി, ചിറ്റാര്‍, തുമ്പമണ്‍, മെഴുവേലി,പന്തളം തെക്കേക്കര, പന്തളം, കോയിപ്രം, പുറമറ്റം, ചെന്നീര്‍ക്കര, ഇലന്തൂര്‍, ഓമല്ലൂര്‍, ചെറുകോല്‍, കോഴഞ്ചേരി, പള്ളിക്കല്‍, ഏഴംകുളം, കെടുമണ്‍, കടമ്പനാട്, കലഞ്ഞൂര്‍ എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോറിന്റെ നിര്‍ദേശ പ്രകാരമാണ്  ശുചീകരണത്തിന് തുടക്കം കുറിച്ചതെന്ന് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് സാബിര്‍ ഹുസൈന്‍ അറിയിച്ചു.