സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ജില്ലയിലെ പഞ്ചായത്ത്-നഗരസഭാ റിസോഴ്സ്‌പേഴ്സണ്‍മാര്‍ക്കുള്ള ത്രിദിന പരിശീലന പരിപാടി പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സാക്ഷരതാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ 2022 ഒക്ടോബര്‍ 11,12,13 തീയതികളിലാണ് പരിശീലനം നടക്കുന്നത്. ജില്ലാസാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി. അബ്ദുള്‍ റഷീദ് അധ്യക്ഷനായി. മലപ്പുറം ഡയറ്റ് പ്രിന്‍സിപ്പല്‍ ടി.വി. ഗോപകുമാര്‍, എം. അബ്ദുല്‍ നസീര്‍, പി.എ റഹ്‌മാന്‍, ടി.പി വര്‍ഗീസ് എന്നിവര്‍ തുടര്‍ ദിവസങ്ങളില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും.

ജില്ലാതല പരിശീലനം നേടിയ റിസോഴ്സ് പേഴ്സണ്‍മാരുടെ നേതൃത്വത്തില്‍ വളന്റിയര്‍ അധ്യാപകര്‍ക്ക് പദ്ധതി നടപ്പിലാക്കുന്ന തദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ പരിശീലനം സംഘടിപ്പിക്കും. ഒക്‌ടോബര്‍ 12നകം ഡിജിറ്റല്‍ സര്‍വേ വഴി കണ്ടെത്തുന്ന പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഒകടോബര്‍ 23 മുതല്‍ സാക്ഷരതാ ക്ലാസുകള്‍ ആരംഭിക്കും. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പ്രവര്‍ത്തനങ്ങളില്‍ സാക്ഷരതാ പ്രവര്‍ത്തകര്‍ക്ക് പുറമെ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഘടകങ്ങളും സഹകരിക്കും. കെ.എം. റഷീദ്, ടി. ശ്രീധരന്‍, എം. മുഹമ്മദ് ബഷീര്‍, കെ. മൊയ്തീന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.