പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ തിരുവനന്തപുരം ജില്ലാതല പരിശീലന പരിപാടിക്ക് തുടക്കമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സെന്‍സസിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ രൂപീകരിക്കുന്നതിന് അടിസ്ഥാനമാകുമെന്ന് കളക്ടര്‍ പറഞ്ഞു. സമഗ്ര പദ്ധതികള്‍ അവിഷ്‌കരിക്കാനും യന്ത്രവത്കരണം, ആധുനികവത്കരണം തുടങ്ങിയവ നടപ്പാക്കാനും ഈ സ്ഥിതി വിവര കണക്കുകള്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത നൂറ് സൂപ്പര്‍വൈസര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്.
സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പാണ് കാര്‍ഷിക സെന്‍സസ് നടത്തുന്നത്. കാര്‍ഷിക മേഖലയുടെ അടിത്തറ സംബന്ധിക്കുന്ന സ്ഥിതിവിവരകണക്കുകള്‍, കൃഷിയുടെ പൂര്‍ണ്ണവിവരങ്ങള്‍, ജലസേചനം, വളം, കീടനാശിനി, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ തുടങ്ങിയവ ശേഖരിക്കുക, കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനാവശ്യമായ പദ്ധതി തയ്യാറാക്കുകയും പുതിയ നയങ്ങള്‍ രൂപീകരിക്കുകയും ചെയ്യുക എന്നിവയാണ് പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ പ്രധാന ലക്ഷ്യങ്ങള്‍. 2,000 എന്യൂമറേറ്റര്‍മാര്‍ മൂന്ന് ഘട്ടങ്ങളിലായാണ് സെന്‍സസ് പൂര്‍ത്തിയാക്കുക. നവംബര്‍ ആദ്യത്തോടെ ആദ്യ ഘട്ടം ആരംഭിക്കും. സ്മാര്‍ട്ട് ഫോണുകളും ടാബ്ലറ്റ് കമ്പ്യൂട്ടറുകളും ഉപയോഗിച്ച് വിവരശേഖരണം നടത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ അനീഷ് കുമാര്‍ ബി അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളില്‍ പരിശീലന ക്ലാസുകളും സംഘടിപ്പിച്ചു.