ഉദ്ഘാടനം 24ന് ദേവസ്വം മന്ത്രി നിര്‍വ്വഹിക്കും
കണ്ണൂര്‍ താണയില്‍ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കായുള്ള പോസ്റ്റ് മെട്രിക് ബോയ്സ് ഹോസ്റ്റലിന്റെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായി. പട്ടികജാതി വികസന വകുപ്പിന് കീഴില്‍ താണയിലെ പഴയ ഹോസ്റ്റലിനു സമീപമാണ് പുതിയകെട്ടിടം നിര്‍മിച്ചത്. ഉദ്ഘാടനം ഒക്ടോബര്‍ 24ന് പട്ടികജാതി-പട്ടികവര്‍ഗക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിക്കും.
ഉദ്ഘാടനം കഴിയുന്നതോടെ പഴയ കെട്ടിടത്തില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ പുതിയ കെട്ടിടത്തിലേക്ക് മാറും. ജില്ലയിലെ ഏക പോസ്റ്റ് മെട്രിക് ഹോസ്റ്റലാണിത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബിരുദം, ബിരുദാന്തര ബിരുദം, മറ്റു ടെക്നിക്കല്‍ കോഴ്സുകള്‍ക്ക് പോകുന്ന പട്ടിക ജാതി വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ഥികള്‍ക്കായാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തെയുള്ള കെട്ടിടം കാലപ്പഴക്കം കാരണം പഴകിയതോടെ കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് പുതിയ കെട്ടിടത്തിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി രൂപ അനുവദിക്കുകയായിരുന്നു.
2018ല്‍ ഫണ്ട് അനുവദിച്ചെങ്കിലും കൊവിഡ് കാരണം നിര്‍മാണ പ്രവൃത്തി നീണ്ടു. പുതിയ കെട്ടിടത്തില്‍ മൂന്നു നിലകളിലായി ഒമ്പത് കിടപ്പു മുറികള്‍, വിനോദം, വായന, രോഗ ശുശ്രൂഷ എന്നിവക്കുള്ള സ്ഥലം, വാര്‍ഡനും സന്ദര്‍ശകര്‍ക്കുമുള്ള മുറികള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. വിശാലമായ പാര്‍ക്കിംഗ് സ്ഥലം, ഭക്ഷണശാല, അടുക്കള എന്നിവയും സജീകരിച്ചിട്ടുണ്ട്. ഭാവിയില്‍ സോളാര്‍ പാനല്‍, ലിഫ്റ്റ് എന്നിവ സ്ഥാപിക്കാനുള്ള സൗകര്യവുമുണ്ട്. 33 പേരാണ് നിലവില്‍ ഇവിടെ താമസിക്കുന്നത്. പുതിയ ഹോസ്റ്റലില്‍ 60 പേര്‍ക്ക് താമസിക്കാനാകും. താമസവും ഭക്ഷണവും സൗജന്യമാണ്. കൂടാതെ പ്രതിമാസം കോളേജിലേക്കുള്ള യാത്രാ ചെലവ്, വീടുകളിലേക്കുള്ള യാത്രാ ചെലവ് എന്നിവയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കണ്ണൂരിന് പുറമെ മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, വയനാട്, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഈ ഹോസ്റ്റലില്‍ താമസിക്കുന്നുണ്ട്.