വയനാട് ജില്ലയിലെ ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ കോളനീസ് പദ്ധതി മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഒക്‌ടോബര്‍ 16 ന് രാവിലെ 10 ന് കല്‍പ്പറ്റ ഇന്ദ്രിയ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. ടി. സിദ്ധീഖ് അധ്യക്ഷത വഹിക്കും. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും പട്ടികവര്‍ഗ വകുപ്പും സി-ഡാക്കും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ പട്ടിക വര്‍ഗ്ഗ കോളനികളിലെ സാമൂഹ്യ പഠന മുറികളെ സ്മാര്‍ട്ടാക്കി ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സഹായത്തോടെ വിദ്യാഭ്യാസം, ആരോഗ്യാവബോധം, രോഗനിര്‍ണ്ണയം എന്നിവയ്ക്ക് സഹാകരമാകുന്ന കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്ത്താല്‍മോളജി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെയാണ് ഈ വിവിധോദേശ്യ പദ്ധതി നടപ്പാക്കുന്നത്. സാമൂഹ്യ പഠന മുറികള്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റലാക്കി മാറുന്നതോടെ ടെലി – എജ്യുക്കേഷന്‍, ഇ – ലിറ്ററസി നടപ്പിലാകും. പട്ടിക വര്‍ഗ്ഗ മേഖലയിലെ നോണ്‍ കമ്മ്യൂണിക്കബിള്‍ രോഗങ്ങളുടെ സ്‌ക്രീനിംഗും ഡയബറ്റിക് റെറ്റിനോപ്പതി, ഓറല്‍ ക്യാന്‍സര്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നിവ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ കണ്ടെത്തി ചികില്‍സയ്ക്ക് വിദഗ്ധ ഉപദേശം ലഭ്യമാക്കുന്നതിനുളള ടെലി മെഡിസിന്‍ സംവിധാനവും പദ്ധതിയിലൂടെ സജ്ജീകരിക്കും.

ചടങ്ങില്‍ ടി. സിദ്ധീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.എല്‍.എ മാരായ ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, ജില്ലാ കളക്ടര്‍ എ.ഗീത, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് തുടങ്ങിയവര്‍ പങ്കെടുക്കും.