ഇരുട്ടിലായ മണിയന്റെ ജീവിതത്തിലും പ്രത്യാശയുടെ വെളിച്ചം പകരുകയാണ് നങ്ക അങ്ങാടി. ചെറിയ പെട്ടിക്കട വീടിന് സമീപം തുടങ്ങി അന്ധതയോട് പടപൊരുതി ജീവിച്ചിരുന്ന മണിയന് നങ്ക അങ്ങാടി വലിയ പ്രതീക്ഷയായി മാറി. പനവല്ലി കൊല്ലി കോളനിയിലാണ് മണിയന്‍ താമസിക്കുന്നത്. ഭാര്യയും 2 മക്കളും അടങ്ങുന്ന മണിയന്റെ കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് നങ്ക അങ്ങാടി. ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലിയില്‍ ആദ്യമായി നങ്ക അങ്ങാടികള്‍ അനുവദിച്ചവരുടെ കൂട്ടത്തില്‍ മണിയനും ഉണ്ടായിരുന്നു. ഉള്‍ക്കാഴ്ച്ചയുടെ വെളിച്ചത്തില്‍ മണിയന് മനപ്പാഠമാണ് തന്റെ നങ്ക അങ്ങാടിയിലേക്കുള്ള വഴിയും കടയിലെ സാധനങ്ങളും. കോളനിവാസികള്‍ക്കും പ്രിയപ്പെട്ടതാണ് മണിയനും മണിയന്റെ നങ്ക അങ്ങാടിയും. മണിയന്റെ വീടിന് സമീപത്ത് തന്നെയാണ് നങ്ക അങ്ങാടി പ്രവര്‍ത്തിക്കുന്നത്. ഒരു വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികള്‍ അടക്കമുള്ള പലചരക്ക് സാധനങ്ങളെല്ലാം മണിയന്റെ നങ്ക അങ്ങാടിയിലുണ്ട്.