ടി വി പുരം നിവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന പൊതുശ്മശാനത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും ടി വി പുരം ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ 81 ലക്ഷം രൂപ ചെലവിലാണ് ടി വി പുരം ചേരിക്കൽ അഞ്ചാം വാർഡിൽ പഞ്ചായത്തിന്റെ 28 സെന്റ് ഭൂമിയിൽ പൊതുശ്മശാനം ഒരുങ്ങുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് ശ്മശാനത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. ടി വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത റെജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെട്ടിടം, മതിൽ എന്നിവയുടെ നിർമ്മാണത്തിനായി 48.50 ലക്ഷം രൂപയും ഗ്യാസ് മറ്റ് അനുബന്ധ ഉപകരണങ്ങൾക്കായി 32 ലക്ഷം രൂപയുമാണ് വകയിരുത്തിയത്. പട്ടികജാതി കോളനിയുൾപ്പെടെ 19 കോളനികളാണ് ടി വി പുരം പഞ്ചായത്തിലുള്ളത്. സ്ഥലപരിമിതി മൂലവും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് മൂലവും മരണാനന്തര ചടങ്ങുകൾക്ക് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രദേശമാണ് ടി വി പുരം. പ്രളയകാലത്തും കോവിഡ് മഹാമാരി കാലത്തും മരണപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകൾക്ക് വൈക്കം നഗരസഭയുടെയും തൃപ്പൂണിത്തുറയിലേയും പൊതുശ്മശാനങ്ങളെ ആശ്രയിക്കേണ്ട വന്ന അവസ്ഥ കണക്കിലെടുത്താണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.
പൊതുശ്മശാനത്തിന്റെ നിർമാണം ആറു മാസത്തിനുള്ളിൽ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.കെ ശ്രീകുമാർ, അനിയമ്മ അശോകൻ, ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. റാണിമോൾ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ടി. ജോസഫ്, സിനി ഷാജി, ദീപ ബിജു, ശ്രീജി ഷാജി, എ.കെ. അഖിൽ, ഗീത ജോഷി, സൂനമ്മ ബേബി, സെബാസ്റ്റ്യൻ ആന്റണി എന്നിവർ പങ്കെടുത്തു.