* വ്യാഴാഴ്ച ക്യാമ്പുകളിലുണ്ടായിരുന്നത് 10,40,688 പേര്‍
ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്ക് മടങ്ങിപ്പോകുന്നവരുടെ എണ്ണം കൂടിവരികയാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് വ്യാഴാഴ്ച പ്രവര്‍ത്തിച്ചത് 2774 ദുരിതാശ്വാസക്യാമ്പുകളാണ്. ക്യാമ്പുകളില്‍ ആകെയുള്ള 2,78,781 കുടുംബങ്ങളില്‍നിന്നായി 10,40,688 പേരാണ്. കഴിഞ്ഞദിവസം (ബുധനാഴ്ച) 3314 ക്യാമ്പുകളിലായി 3,27,280 കുടുംബങ്ങളില്‍നിന്നായി 12,10,453 പേരാണ് ഉണ്ടായിരുന്നത്.
ചെങ്ങന്നൂര്‍, കോഴഞ്ചേരി, ആലപ്പുഴ, പറവൂര്‍, ചാലക്കുടി എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍ വ്യാഴാഴ്ച സന്ദര്‍ശിച്ചപ്പോള്‍ അവിടങ്ങളിലെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ തൃപ്‌രാണെന്നാണ് മനസിലായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടത്തിപ്പ് സംബന്ധിച്ച് പരാതികളൊന്നും പൊതുവേ അവര്‍ക്കില്ല.
ദുരന്തം അനുഭവിച്ചതിന്റെ ദൈന്യവും തിരിച്ചുചെല്ലുമ്പോള്‍ വീടില്ലെന്നതിന്റെ ദുഃഖവുമാണ് പലരേയും അലട്ടുന്നത്. അതൊരു വൈകാരികമായ പ്രശ്‌നമായും അനുഭവപ്പെടുന്നുണ്ട്. രേഖകള്‍ നഷ്ടപ്പെട്ടതിന്റെ ആശങ്കകളും പങ്കുവെച്ചു. രക്ഷാപ്രവര്‍ത്തകരോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ക്യാമ്പുകളിലുള്ളവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതരത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്ന് അവരെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
വീടുകള്‍ വൃത്തിയാക്കുന്നതിന് സര്‍ക്കാരും സന്നദ്ധസംഘടനകളും ചേര്‍ന്ന് സംവിധാനം ഒരുക്കുമെന്ന് അവരെ അറിയിച്ചു. വീടുകളിലേക്ക് മടങ്ങിപ്പോകുന്നവര്‍ക്ക് അഞ്ച് കിലോ അരിയുള്‍പ്പെടെയുള്ള കിറ്റും നല്‍കും.
അതുകൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കപ്പെടില്ല. വിശദമായ ഒരു പദ്ധതി രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.