ശ്രീധരിപ്പാലം സ്ഥലം വിട്ടുനല്‍കിയവര്‍ക്കുള്ള രേഖകള്‍ വിതരണം ചെയ്തു
സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. നടത്തറ, ശ്രീധരിപ്പാലം ഭൂമി ഏറ്റെടുക്കല്‍ നടപടിയുടെ രേഖകള്‍ കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍ സര്‍വ്വെ നടപടികളുടെ ഭാഗമായി 4500ലധികം ഉദ്യോഗസ്ഥരെയാണ് താല്‍ക്കാലികമായി നിയമിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെയും ദേശീയപാത അതോറിറ്റിയുടെയും പ്രത്യേക അഭിനന്ദനവും അംഗീകാരവും സര്‍ക്കാരിനും റവന്യൂവകുപ്പിനും ലഭിച്ചു. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം (എല്‍എആര്‍ആര്‍) പ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നത്. ശ്രീധരിപ്പാല നിര്‍മ്മാണത്തിനായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് രണ്ട് കോടി ഒമ്പത് ലക്ഷം രൂപയാണ് കിഫ്ബി പദ്ധതി വഴി അനുവദിച്ചിട്ടുള്ളത്. ഈ ആക്ട് വന്നതിന് ശേഷമുള്ള ജില്ലയിലെ ആറാമത്തെ ഭൂമി ഏറ്റെടുക്കല്‍ നടപടിയാണ് ശ്രീധരിപ്പാല അനുബന്ധ റോഡ് സ്ഥലമെടുപ്പ് എന്നും മന്ത്രി പറഞ്ഞു. നടത്തറ പഞ്ചായത്തിലെ പൂച്ചെട്ടി-മരത്തകര, കണ്ണാറ-നടത്തറ റോഡുകളുടെ ബിഎംബിസി നിര്‍മ്മാണം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.
48 ഭൂവുടമകളില്‍ നിന്നായി 89.89 സെന്റ് സ്വകാര്യഭൂമിയാണ് ഏറ്റെടുക്കുന്നത്. പൂര്‍ണ്ണമായി രേഖകള്‍ സമര്‍പ്പിച്ച 44 കുടുംബങ്ങള്‍ക്കുള്ള രേഖകളാണ് മന്ത്രി കൈമാറിയത്. ഇവര്‍ക്കുള്ള ഒന്നര കോടി രൂപ നേരിട്ട് അക്കൗണ്ടിലേയ്ക്ക് നല്‍കിയിരുന്നു. വീട് നഷ്ടപ്പെട്ട ഒരാള്‍ക്ക് വീട് വയ്ക്കുന്നതിനായി പുനരധിവാസ പാക്കേജ് പ്രകാരം 4.60 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കൃത്യമായ രേഖകള്‍ ഹാജരാക്കാത്തവര്‍ക്ക് 38 ലക്ഷം രൂപ കോടതിയില്‍ കെട്ടിവച്ചു. ശ്രീധരിപ്പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ നടത്തറ-പാണഞ്ചേരി പഞ്ചായത്തുകളെ കൂട്ടിയോജിപ്പിച്ച് കൊണ്ട് ചുറ്റിവളയാതെ നഗരത്തിലേയ്ക്ക് എളുപ്പത്തില്‍ പ്രവേശിക്കാനാകും.
നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷയായി. ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആര്‍ രവി, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ബ്ലോക്ക് മെമ്പര്‍ കെ വി സജു, നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആര്‍ രജിത്, സ്പെഷ്യല്‍ തഹസില്‍ദാര്‍ ഇ വി കൃഷ്ണദാസ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.