കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം തെക്കുംകര ഗ്രാമപഞ്ചായത്തില്‍ നടന്നു. നാളികേരത്തിന്റെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക വഴി കര്‍ഷകര്‍ക്ക് അര്‍ഹമായ വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് കേരഗ്രാമം. പഞ്ചായത്ത് തല കേരസമിതി കണ്‍വീനര്‍ ടി എസ് ജയന് ‘കുറ്റ്യാടി’ തെങ്ങുംതൈ നല്‍കി സേവ്യര്‍ ചിറ്റിലപ്പള്ളി എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു.

തെക്കുംകര ഗ്രാമപഞ്ചായത്തിലെ 100 ഹെക്ടര്‍ സ്ഥലത്ത് 17,500 തെങ്ങുകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം വിവിധ ഘട്ടങ്ങളായി ലഭിക്കും. ഒരു ഹെക്ടറിന് 25,000/ രൂപ വീതം ലഭിക്കും. തെങ്ങും തൈ വിതരണം, തെങ്ങിന് തടമെടുക്കാന്‍ സഹായം, സബ്‌സിഡി നിരക്കില്‍ രാസവളം, ജൈവവളം എന്നിവ നല്‍കല്‍, പമ്പ് സെറ്റ് അടക്കമുള്ള ജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കല്‍, രോഗം ബാധിച്ച തെങ്ങുകള്‍ മുറിച്ചുമാറ്റി പകരം ഗുണമേന്മയുള്ള തൈകള്‍ നടല്‍, തെങ്ങുകയറ്റത്തിനുള്ള യന്ത്രങ്ങള്‍ നല്‍കല്‍, ഇടവിള കൃഷിക്കാവശ്യമായ സഹായങ്ങള്‍ നല്‍കല്‍ തുടങ്ങിയവയാണ് പദ്ധതിയിലൂടെ നടപ്പിലാക്കുക.

വര്‍ഷത്തില്‍ 25.67 ലക്ഷം രൂപയുടെ പദ്ധതിയാണ് തെക്കുംകര ഗ്രാമപഞ്ചായത്തില്‍ നടപ്പിലാവുന്നത്. തുടര്‍ച്ചയായ 3 വര്‍ഷങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. ഓരോ വര്‍ഷവും 25.67 ലക്ഷം രൂപയുടെ സഹായങ്ങള്‍ കേരഗ്രാമം പദ്ധതിയിലൂടെ പഞ്ചായത്തിലെ കേര കര്‍ഷകര്‍ക്ക് ലഭ്യമാകും. പഞ്ചായത്തില്‍ രൂപീകരിക്കുന്ന കേരസമിതി മുഖേനയാണ് പദ്ധതി നടപ്പിലാക്കുക. എല്ലാ വാര്‍ഡിലും കേരസമിതികള്‍ രൂപീകരിച്ച് ഭാരവാഹികളെ തെരഞ്ഞെടുത്തിട്ടുണ്ട്.

ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ടി വി സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി വി സുനില്‍കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ഉമാലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എം കെ ശ്രീജ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു കൃഷ്ണന്‍,തെക്കുംകര ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ ജിന്‍സി ജോസഫ്, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.