വേലൂർ ഗ്രാമപഞ്ചായത്തിൽ ജലഗുണനിലവാര പരിശോധന ലാബ്

വേലൂർ ഗ്രാമപഞ്ചായത്തിലെ ജലഗുണനിലവാര പരിശോധന ലാബ് ഗവ.രാജ സർ രാമവർമ്മ ഹയർ സെക്കന്ററി സ്കൂളിൽ യാഥാർത്ഥ്യമായി. എ സി മൊയ്തീൻ എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 1.25 ലക്ഷം ഉപയോഗിച്ചാണ് ലാബ് ഒരുക്കിയത്.

 

ഹയർസെക്കന്ററി സ്കൂളുകളിലെ കെമിസ്ട്രി ലാബുകൾ പ്രയോജനപ്പെടുത്തി ഹരിതകേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ശുദ്ധവും ഗുണനിലവാരമുള്ള ജലം ഉപയോഗിക്കുക വഴി ജലജന്യരോഗങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കെമിസ്ട്രി അധ്യാപകരുടെ മേൽനോട്ടത്തിൽ കെമിസ്ട്രി വിദ്യാർത്ഥികൾ ആയിരിക്കും പരിശോധന നടത്തുക.

 

വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഷോബി അധ്യക്ഷത വഹിച്ചു. നവകേരള കർമ്മ പദ്ധതി റിസോഴ്സ് പേഴ്സൺ ത്രിവിക്രമ ദേവ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ വി വല്ലഭൻ, ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സ്വപ്ന റഷീദ്, വേലൂർ പഞ്ചായത്ത് അംഗം സിഡി സൈമൺ, സ്കൂൾ വൈസ് പ്രിൻസിപ്പാൾ എം വി രത്നകുമാർ, പഞ്ചായത്തംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.