കേരളത്തിൽ പൊതുവിപണിയിൽ അരിവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നവംബർ ഒന്നു മുതൽ കേരളത്തിലെ എല്ലാ മുൻഗണനേതര (വെള്ള, നീല) കാർഡുടമകൾക്ക് 8 കിലോ ഗ്രാം അരി സ്‌പെഷ്യലായി 10.90 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. കൂടാതെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളിലൂടെ ‘അരിവണ്ടി’ സംസ്ഥാനത്തെ 500 ലധികം കേന്ദ്രങ്ങളിലെത്തി സൗജന്യ നിരക്കിൽ നാല് ഇനം അരി വിതരണം ചെയ്യും. ജയ, കുറുവ, മട്ട അരി, പച്ചരി എന്നീ നാല് ഇനങ്ങളായി കാർഡ് ഒന്നിന് 10 കിലോ വീതം അരി വിതരണം ചെയ്യും. ഓരോ താലൂക്കിലും സപ്ലൈകോയോ മാവേലിസ്‌റ്റോറോ ഇല്ലാത്ത പ്രദേശങ്ങളിലാണ് അരിവണ്ടി എത്തുന്നതെന്നും മന്ത്രി അറിയിച്ചു.