പി.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഭരണഭാഷാ വാരാഘോഷ പരിപാടികള്‍ നടന്നു

മലയാള ഭാഷയുടെ സംസ്‌കാരവും തനിമയും സംരക്ഷിക്കണമെന്നും ഭാഷയിലൂടെ രൂപപ്പെടുന്നത് ഒരു സംസ്‌കാരമാണെന്നും ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ  ആഭിമുഖ്യത്തില്‍ ചന്ദ്രനഗര്‍ ഭാരത് മാതാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമായി സഹകരിച്ച് നടത്തിയ ഭരണഭാഷാ വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഭാഷയിലല്ല നമ്മള്‍ സ്വപ്നം കാണുന്നത്. സ്വപനം കാണുന്നത്  മാതൃഭാഷയിലാണ്. മാതൃഭാഷ എന്നും സംരക്ഷിക്കപെടണം. സ്വാതന്ത്ര്യത്തിന് ശേഷം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന രൂപീകരണം നടന്നത് ആളുകള്‍ക്ക് ആശയനിവിനയത്തിനുള്ള സൗകര്യത്തിനായും ഭരണസംവിധാനത്തെ കൂടുതല്‍ അറിയാനുമാണ്.  ഭാഷയോടൊപ്പം പ്രധാന്യമുള്ളതാണ് സാഹിത്യവും. ഭാഷയെ അടുത്തറിയാന്‍ സഹായിക്കുന്നത് സാഹിത്യമാണ്. കേരളീയരുടെ പൊതുവായ ഭാഷ മലയാളമാണെങ്കിലും ഓരോ സ്ഥലത്തും വ്യത്യസ്ത ഭാഷാശൈലികളാണ് ഉപയോഗിക്കുന്നത്. ഇവയെല്ലാം സംരക്ഷിക്കപ്പെടണം. മാതൃഭാഷയെ കൂടുതല്‍ മനസ്സിലാക്കുന്നതിനും അതിന്റെ പ്രസക്തി ബോധ്യപ്പെടുത്തുന്നതിനുമായാണ് ഭരണരംഗത്ത് ഉള്‍പ്പെടെ മലയാളം ഉപയോഗിക്കുന്നതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ജോസഫ് എന്ന ചലച്ചിത്രത്തിലെ ‘പൂമുത്തോളേ നീയെരിഞ്ഞ വഴിയില്‍ ഞാന്‍ മഴയായി പെയ്‌തെടീ….’ എന്ന സ്വന്തം വരികളാലപിച്ച് ചലച്ചിത്ര ഗാനരചയിതാവ് അജീഷ് ദാസ് മുഖ്യാതിഥിയായി. കവിതയുടെയും ഭാഷയുടെയും വളക്കൂറുള്ള മണ്ണാണ് പാലക്കാടെന്നും മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ അദ്ദേഹത്തിന്റെ ആദ്യ കവിതാസമാഹാരം എഴുതിയത് പാലക്കാടുള്ള മേലാര്‍കോട് വച്ചാണ് അത് പ്രസിദ്ധീകരിക്കാനായി ആദ്യ പ്രതിഫലം കവിക്ക് നല്‍കിയത് ഒലവക്കോട് നിന്നുള്ള ഒരു പ്രസ്സാണ്. മലയാളത്തിലെ കാല്‍പനിക വസന്തത്തിന് പിറവി കൊടുത്ത വീണപൂവ് കുമാരനാശാന്‍ രചിച്ചതും പാലക്കാടുള്ള ജൈനിമേട് വെച്ചാണ് അത്തരത്തില്‍ മലയാളഭാഷയിലെയും സാഹിത്യത്തിലെയും നിരവധി അധികായ പ്രമുഖരുടെ  നാടാണ് പാലക്കാടെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഏറെ ഇഷ്ടപ്പെടുന്ന സ്ഥലമാണെന്നും പാലക്കാട് ജനിച്ചതില്‍ അഭിമാനിക്കണമെന്നും എല്ലാവര്‍ക്കും വളരാനുള്ള ആര്‍ജവം ഭാഷയിലൂടെ ഉണ്ടാവട്ടെയെന്നും അജീഷ് ദാസ് പറഞ്ഞു.

 
അരങ്ങ് ഉണര്‍ത്തി ഓട്ടന്‍തുള്ളലും സംഘനൃത്തവും

ഭരണഭാഷാ വാരാഘോഷ പരിപാടിയില്‍ ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം അധ്യാപിക കൂടിയായ കലാമണ്ഡലം വിനീതയും സംഘവും കല്യാണസൗഗന്ധികം വിഷയമാക്കി അവതരിപ്പിച്ച ഓട്ടന്‍തുള്ളലും മലയാളത്തിന്റെ പ്രിയകവി വള്ളത്തോള്‍ നാരായണ മേനോന്റെ എന്റെ ഗുരുനാഥന്‍ കവിതയുടെ നൃത്താവിഷ്‌കാരവുമായി മേഴ്സി കോളെജിലെ വിദ്യാര്‍ത്ഥിനികളുടെ സംഘനൃത്തവും അരങ്ങുണര്‍ത്തി. ഓട്ടന്‍തുള്ളലില്‍ കലാമണ്ഡലം വിന്ദുജ മേനോന്‍ പിന്‍പാട്ടും ആര്‍.എല്‍.വി പ്രശാന്ത് മൃദംഗവും വായിച്ചു. ഒന്നാം വര്‍ഷ ബി.എ എക്കണോമിക്സിലെ ആര്‍. നന്ദന, എസ്. ശ്രുതി, ബി.കോം ഫിനാന്‍സിലെ സ്വാതി സുരേഷ്, വൈഷ്ണവി മേനോന്‍, ശ്രീലക്ഷ്മി നായര്‍, കെ.ഡി. ദീപിക എന്നിവരാണ് ഗാന്ധിജിയെ ആദരിച്ചു കൊണ്ടുള്ള വള്ളത്തോളിന്റെ ‘എന്റെ ഗുരുനാഥന്‍’ എന്ന കവിതയുടെ  നൃത്താവിഷ്‌കാരം നടത്തിയത്.
പരിപാടിയില്‍ പാലക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. ഇ. കൃഷ്ണദാസ് അധ്യക്ഷനായി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ഫിലിപ്‌സ് പനക്കല്‍, മലയാളം അധ്യാപകന്‍ വി.എസ് ബിജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, സബ് എഡിറ്റര്‍ വി. ശോഭിക എന്നിവര്‍ സംസാരിച്ചു.