പൂമംഗലം ഗ്രാമപഞ്ചായത്തിലെ എടക്കുളം ആയിരംകോൾ പാലവും അപ്രോച്ച് റോഡും നാടിന് സമർപ്പിച്ചു. ആയിരംകോൾ ഫാമിലി ഹെൽത്ത് സബ്സെന്റർ പരിസരത്ത് നടന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പാലവും അപ്രോച്ച് റോഡും ഉദ്ഘാടനം ചെയ്തു.
റോഡ്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മികവാർന്ന രീതിയിൽ ഒരുക്കിക്കൊണ്ട് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് നവകേരള സൃഷ്ടി സർക്കാർ ഏറ്റെടുത്തതെന്ന് മന്ത്രി പറഞ്ഞു. ഇത്തരം പദ്ധതികളിൽ ജനകീയ പങ്കാളിത്തവും അഭ്യർത്ഥിച്ചു.
ഇരിഞ്ഞാലക്കുട നിയോജകമണ്ഡലത്തിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന എല്ലാ റോഡുകളും തന്നെ ആധുനിക നിലവാരത്തിൽ ഉയർത്താൻ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നെല്ലായി – ആനന്ദപുരം റോഡിനായി 10 കോടി രൂപ ബജറ്റിൽ നീക്കി വെച്ചു. പൂമംഗലം പഞ്ചായത്തിന് ആസ്ഥാന മന്ദിരം ഒരുക്കാൻ എംഎൽഎ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ച കാര്യവും മന്ത്രി അറിയിച്ചു.
പൂമംഗലം ഗ്രാമപഞ്ചായത്തിലെ 2, 3, 4 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അപകടാവസ്ഥയിലായിരുന്ന പാലവും അപ്രോച്ച് റോഡുമാണ് പുനർ നിർമ്മാണം നടത്തി ഗതാഗതയോഗ്യമാക്കിയത്. ഇരിങ്ങാലക്കുട എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ വിനിയോഗിച്ചാണ് എടക്കുളം ആയിരംകോൾ പാലവും അപ്രോച്ച് റോഡും നിർമ്മാണം പൂർത്തീകരിച്ചത്. ശോചനീയാവസ്ഥയിലായിരുന്ന പാലം പൊളിച്ച് 6 മീറ്റർ നീളത്തിലും 5 മീറ്റർ വീതിയിലും ബോക്സ് കൾവർട്ട് നിർമ്മിച്ച് കോൺക്രീറ്റ് കൈവരിയും ജിഐ പൈപ്പ് കൈവരിയും അപ് സ്ട്രീം ഭാഗത്ത് 17 മീറ്റർ നീളത്തിൽ കരിങ്കൽ സംരക്ഷണ ഭിത്തിയും നിർമ്മിച്ചിട്ടുണ്ട്.
ഇരുവശങ്ങളിലേക്കുമുള്ള അപ്രോച്ച് റോഡുകൾ 143 മീറ്റർ നീളത്തിൽ ക്വാറി മക്കിട്ട് ഉയർത്തി വെറ്റ് മിക്സ് മെക്കാഡം ചെയ്ത് ടാറിംങ്ങ് നടത്തി. റോഡിനിരുവശവും ഷോൾഡർ കോൺക്രീറ്റും പാലത്തിന്റെ കിഴക്ക് ഭാഗത്ത് 100 മീറ്റർ നീളത്തിൽ കോൺക്രീറ്റ് കാനയും ഫൂട്ട് സ്ലാബുകളും ഐറിഷ് ഡ്രെയിനും ബൈ റോഡിലേക്ക് റാമ്പ് എന്നിവയും പൂർത്തിയാക്കിയിട്ടുണ്ട്.
പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് കവിത സുരേഷ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സുരേഷ് അമ്മനത്ത്, പഞ്ചായത്ത് സ്ഥാന്റിങ് കമ്മറ്റി ചെയർമാന്മാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.