ജില്ലയില്‍ ടൂറിസം മേഖലയില്‍ അനന്തമായ സാധ്യതകളാണുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ പുന സംഘടിപ്പിച്ച ഗവേണിംഗ് ബോഡി യോഗത്തിന് നേതൃത്വം നല്കി സംസാരിക്കുകയായിരുന്നു മന്ത്രി.
ഇടുക്കി ഡാമിനോട് ചേര്‍ന്ന് ഡി.ടി.പി.സിയുടെ അധീനതയില്‍ ഉള്ള സ്ഥലത്ത് തീയറ്റര്‍ കോംപ്ലക്സിന് -5 ഏക്കര്‍, ഇറിഗേഷന്‍ മ്യൂസിയം -2 ഏക്കര്‍, സാംസ്കാരിക മ്യൂസിയം -5 ഏക്കര്‍, വാഹന പാര്‍ക്കിംഗ് ഏരിയ 5 ഏക്കര്‍ എന്നിങ്ങനെ സ്ഥലം അനുവദിച്ച് നല്കുവാന് മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനത്തിന് വനം വകുപ്പ് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന കേസുകളുടെ വിശദ വിവരം തയ്യാറാക്കി നല്‍കണം. ഇത് സംബന്ധിച്ച് കെ.എസ്.ഇ.ബി, ഫോറസ്റ്റ്, എല്‍.എസ്.ജി.ഡി, റവന്യൂ വകുപ്പുകളുമായി ചേര്‍ന്ന് ഉന്നതതല യോഗം വിളിക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്യും. ഓരോ പഞ്ചായത്തിലും ഒരു ടൂറിസ്റ്റ് കേന്ദ്രം എന്ന പദ്ധതിയില്‍ പഞ്ചായത്തുകള്‍ സമര്‍പ്പിച്ചിട്ടുള്ള പദ്ധതികളെ സംബന്ധിച്ച് പഠിച്ച് നിര്‍മ്മാണം വേഗത്തിലാക്കാന്‍ സെക്രട്ടറി ശ്രമിക്കണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
മലങ്കര ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിനായി സ്വദേശിദര്‍ശന്‍ പദ്ധതി പ്രകാരം ഉള്ള നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഉടന്‍ അനുമതി ലഭിക്കുമെന്നും മന്ത്രിയും അതിന് വേണ്ട ഇടപെടീലുകള്‍ നടത്തിയെന്നും ഡീന്‍ കുര്യക്കോസ് എം.പി പറഞ്ഞു. വാഗമണ്‍, ഏലപ്പാറ എന്നീ സ്ഥലങ്ങളില്‍ ടൂറിസം വികസനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുവാന്‍ നവം. 25 ന് യോഗം ചേരുന്നതാണെന്ന് വാഴൂര്‍ സോമന് എം.എല്‍.എ അറിയിച്ചു. എക്കോ ലോഡ്ജ് കുടിയേറ്റ സ്മാരകം, യാത്രി നിവാസ് ഇടുക്കി എന്നിവ പണി പൂര്‍ത്തിയാക്കി ഉടനെ ഉദ്ഘാടനം നടത്താന്‍ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സി.വി. വര്‍ഗ്ഗീസ് ആവശ്യപ്പെട്ടു.
ഡി.ടി.പി.സിയുടെ മാട്ടുപ്പെട്ടി ടൂറിസ്റ്റ് കേന്ദ്രത്തില്‍ നിലവില്‍ ഉപയോഗിക്കുന്ന 2 സ്ട്രോക്ക് എഞ്ചിന് മാറ്റി 4 സ്ട്രോക്ക് എഞ്ചിന് വാങ്ങുവാനും പുതിയ ഒരു പാസഞ്ചര്‍ ബോട്ട് വാങ്ങുവാനും യോഗം തീരുമാനിച്ചു. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വേള്‍ഡ് ക്ലാസ് ടൊയ്ലറ്റ് നിര്‍മ്മിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുവാന്‍ യോഗം തീരുമാനിച്ചു. മറയൂര്‍ കാന്തല്ലൂര്‍, കീഴാന്തൂര്‍ എന്നീ പഞ്ചായത്തുകളിലായി നിലവിലുള്ള മുനിയറകള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ച് പഠിക്കുവാന്‍ ആര്‍ക്കിയോളജി വകുപ്പിനെ ബന്ധപ്പെടുവാന്‍ തീരുമാനിച്ചു. വാഗമണ്‍ ഹെറിറ്റേജ് ബില്‍ഡിംഗ് പണി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ടെന്‍ഡര്‍ വിളിച്ച് വാടകക്ക് നല്കുവാന് തീരുമാനിച്ചു. ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് 2022 ഡിസംബര്‍ മാസം എക്സിക്യുട്ടീവ് കമ്മറ്റി കൂടി തീരുമാനിക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു.
വാഗമണ്ണില്‍ മോട്ടോര്‍ പാരാഗ്ലൈഡിംഗ് നടത്താന്‍ കഴിയുമോ എന്ന് പഠിച്ച് നടപ്പിലാക്കുവാനും ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഇടുക്കി, രാമക്കല്‍മേട്, തേക്കടി, വാഗമണ്‍, മലങ്കര ബന്ധപ്പെട്ട പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി ട്രക്കിംഗ് ടൂറിസത്തിനായി പദ്ധതി തയ്യാറാക്കുവാനും യോഗം നിര്‍ദ്ദേശിച്ചു. മലങ്കര ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിനായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുവാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. കുടിയേറ്റ സ്മാരകം പദ്ധതിയുടെ അടുത്തഘട്ടത്തിനായി പദ്ധതി തയ്യാറാക്കി ടൂറിസം ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.
ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയതിന് ഓഡിറ്റ് ചാര്‍ജ്ജിനൊപ്പം അക്കൗണ്ടിംഗ് ചാര്‍ജ്ജ് നല്കിയതും യോഗം അംഗീകരിച്ചു.ഡീന്‍ കുര്യക്കോസ് എം.പി, എം.എല്‍.എമാരായ വാഴൂര്‍ സോമന്, എ. രാജ, ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സി.വി. വര്‍ഗ്ഗീസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍, ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ്, തുടങ്ങി ജനപ്രതിനിധികള്‍, വകുപ്പ് മേധാവികള്‍, കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.