രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇടുക്കി ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ആവേശേജ്വലമായ തുടക്കം. 19 -ാമത് ഇടുക്കി റവന്യൂ ജില്ലാ കായിക മാമാങ്കത്തിന് കട്ടപ്പന സെന്റ് ജോര്‍ജ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പതാക ഉയര്‍ന്നു. നവംബര്‍ 22, 23, 24 തീയതികളിലായി നടക്കുന്ന മേളയുടെ ആദ്യ ദിനമായ ഇന്നലെ രാവിലെ 10 ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. ബിന്ദു പതാക ഉയര്‍ത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണി ചെറിയാന്‍, നഗരസഭാ അംഗങ്ങളായ ധന്യാ അനില്‍, ഷിജി തങ്കച്ചന്‍, സോണിയ ജയ്ബി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടോമി ഫിലിപ്, റവന്യൂ ജില്ലാ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി സുരേഷ് ബാബു, ജയ്‌മോന്‍ ജോര്‍ജ്, ഷിബു കെ. ദാസ്, റെജി ഇട്ടുപ്പ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിമ്മി ജോര്‍ജ്, ഹെഡ് മാസ്റ്റര്‍ ബിജുമോന്‍ ജോസ്, തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കായിക മേളയുടെ രണ്ടാം ദിനമായ ഇന്ന് (23) 10ന് ഗാന്ധി സ്‌ക്വയറില്‍ നിന്നാരംഭിക്കുന്ന ദീപശിഖ പ്രയാണത്തിന് ശേഷം മേള നഗരിയില്‍ നടക്കുന്ന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. എം. എം.മണി എംഎല്‍എ അധ്യക്ഷത വഹിക്കും. 24ന് വൈകിട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അധ്യക്ഷത വഹിക്കും.
ജില്ലാ കായിക മേളയുടെ രണ്ടാം ദിവസം (23) രാവിലെ 8.30 യ്ക്ക് മത്സരങ്ങള്‍ ആരംഭിക്കും. എല്ലാ വിഭാഗം 1500 മീറ്റര്‍ ഓട്ട മത്സരം ഫൈനല്‍ രാവിലെ 8.30 യ്ക്ക് തുടങ്ങും. ഔദ്യോഗിക ഉദ്ഘാടനം ചടങ്ങിന് ശേഷം എല്ലാ വിഭാഗം 100 മീറ്റര്‍, 400 മീറ്റര്‍, 4×400 മീറ്റര്‍ റിലേ ഹീറ്റ്‌സും ശേഷം ഫൈനല്‍ മത്സരങ്ങളും നടക്കും. 100 മീറ്റര്‍, 400 മീറ്റര്‍, 4×100 മീറ്റര്‍ റിലേ ഫൈനല്‍ മത്സരങ്ങള്‍ക്ക് ശേഷം നടത്ത മത്സരങ്ങളുടെ ഫൈനല്‍ നടക്കും. എല്ലാ വിഭാഗം ലോങ് ജമ്പ്, ഹൈ ജമ്പ് മത്സരങ്ങളും ശേഷം നടക്കും.
7 ഉപജില്ലകളിലെ 134 സ്‌കൂളുകളില്‍ നിന്നായി 1130 കുട്ടികള്‍ 98 ഇനങ്ങളിലായി മാറ്റുരയ്ക്കും. മേള നഗരിയില്‍ ആയുര്‍വേദ അലോപ്പതി-ഹോമിയോ വിഭാഗങ്ങളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കായിക താരങ്ങള്‍ക്കായി താമസ-ഭക്ഷണ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.