പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ 1801 അംഗന്‍വാടികള്‍ക്ക് കേടുപാടുണ്ടായതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രാഥമിക കണക്കെടുപ്പില്‍ 131 അംഗന്‍വാടികള്‍ പൂര്‍ണമായി ഉപയോഗശൂന്യമായതായി കണ്ടെത്തി. 1670 അംഗന്‍വാടികള്‍ക്ക് ഭാഗികമായ കേടുപാടുണ്ട്. ഇവയുടെ പുനര്‍നിര്‍മ്മാണത്തിനായി 118 കോടി രൂപ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഇവയ്ക്ക് പകരം താത്ക്കാലികസംവിധാനം ഏര്‍പ്പെടുത്തും. പുതിയ അംഗന്‍വാടി രൂപകല്‍പന ചെയ്ത് മാതൃകാ അംഗന്‍വാടികളായി പുനര്‍നിര്‍മ്മിക്കാനും തീരുമാനിച്ചു. പോഷകാഹാരങ്ങള്‍ വീടുകള്‍ വഴി കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ ചേംബറില്‍ നടന്ന സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
ഭിന്നശേഷിക്കാരുടെ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാന്‍ സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഭിന്നശേഷിക്കാരുടെ നഷ്ടപ്പെട്ട സഹായ ഉപകരണങ്ങളുടെ കണക്കെടുക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാരുടേയും വനിതകളുടേയും നഷ്ടപ്പെട്ട തൊഴില്‍സ്ഥാപനങ്ങള്‍ക്ക് പകരം സംവിധാനം ആലോചിച്ച് തീരുമാനിക്കും. വികലാംഗക്ഷേമ കോര്‍പറേഷന്‍ വഴിയും വനിതാവികസന കോര്‍പറേഷന്‍ വഴിയും വായ്പകള്‍ ലഭ്യമാക്കും.സാമൂഹ്യനീതി വകുപ്പിനും വനിതാ ശിശുവികസന വകുപ്പിനും കീഴിലുള്ള സ്ഥാപനങ്ങള്‍ പ്രളയസമയത്ത് നിര്‍വഹിച്ച പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു. സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിതാ ശിശുവികസന ഡയറക്ടര്‍ ഷീബ ജോര്‍ജ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക്, വികലാംഗ കമ്മീഷണര്‍ ഡോ. ഹരികുമാര്‍, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, വനിതാ വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി.എസ്. ബിന്ദു, വികലാംഗ ക്ഷേമ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.