കൊച്ചി: മഴക്കെടുതിയെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞിട്ടും ദിവസം മുഴുവന്‍ വിശ്രമമില്ലാതെ ഓടുകയാണ് ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പ്. ഓഗസ്റ്റ് 15 മുതല്‍ ജില്ലയുടെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഇടതടവില്ലാതെയുള്ള പ്രവര്‍ത്തനമാണ് വകുപ്പ് നടത്തിയത്. ആലുവ മിനി സിവില്‍ സ്റ്റേഷനില്‍ ഓഗസ്റ്റ് എട്ടിന് ആരംഭിക്കുകയും തുടര്‍ന്ന് പത്തടിപ്പാലം ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയും ചെയ്ത കണ്‍ട്രോള്‍ റൂമില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനുള്ള വാഹനങ്ങള്‍ ലഭ്യമാക്കാനുള്ള ആയിരക്കണക്കിന് അപേക്ഷകളാണ് ലഭിച്ചത്.
ഇതില്‍ യാതൊരു കാലതാമസവുമില്ലാതെയാണ് വകുപ്പ് പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലും ലഭിക്കുന്ന അപേക്ഷകളുടെ ആവശ്യങ്ങള്‍ ഊര്‍ജസ്വലമായി നിറവേറ്റുകയാണ് ഉദ്യോഗസ്ഥര്‍.
എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ.എം ഷാജി, എറണാകുളം ആര്‍ടിഒ ജോജി പി ജോസ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൂടാതെ അങ്കമാലി ജോയിന്റ് ആര്‍ടിഒ ജി. അനന്തകൃഷ്ണന്‍, മട്ടാഞ്ചേരി ജോയിന്റ് ആര്‍ടിഒ ഷാജി മാധവന്‍, എറണാകുളം ജോയിന്റ് ആര്‍ടിഒ ബിജു ജെയിംസ്, തൃപ്പൂണിത്തുറ ജോയിന്റ് ആര്‍ടിഒ ടി.എം ജെര്‍സന്‍, പറവൂര്‍ ജോയിന്റ് ആര്‍ടിഒ പി. മാത്യു, ആലുവ ജോയിന്റ് ആര്‍ടിഒ കെ.സി ആന്റണി എന്നിവരുടെ സഹകരണവുമുണ്ട്. ആംബുലന്‍സ്, ടാറ്റാ എയ്‌സ് മുതല്‍ മള്‍ട്ടി ആക്‌സില്‍ ഹെവി ലോറികള്‍ വരെയുള്ള വാഹനങ്ങളാണ് ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് വകുപ്പ് ഏര്‍പ്പെടുത്തി ലഭ്യമാക്കിയത്. കൂടാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കെഎസ്ആര്‍ടിസി ബസുകള്‍, സ്വകാര്യ ബസുകള്‍, ട്രാവലറുകള്‍, സ്വകാര്യ സ്‌കൂള്‍ വാഹനങ്ങള്‍ എന്നിവയും സമയോചിതമായി എത്തിച്ചു. ബോട്ടുകളും ഡിങ്കികളും വെളളം കയറിയ സ്ഥലങ്ങളില്‍ എത്തിക്കാനും വകുപ്പിന്റെ സഹായം ലഭിച്ചു. കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനത്തിലും ഉദ്യോഗസ്ഥര്‍ ഏര്‍പ്പെട്ടു.
ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ദുരിതാശ്വാസ ക്യാമ്പുകളിലേക്കും താലൂക്കുകളിലേക്കും സാധന സാമഗ്രികള്‍ വിതരണം ചെയ്യുകയാണിപ്പോള്‍. കുടിവെള്ള വിതരണം പൂര്‍ണമായും മുടങ്ങിയ മൂന്ന് ദിവസങ്ങളില്‍ ജില്ലയുടെ പല ഭാഗങ്ങളിലേക്കും കുടിവെള്ളം എത്തിക്കാനായി വാട്ടര്‍ ടാങ്കറുകള്‍ ലഭ്യമാക്കി. മരുന്നുകള്‍ കൊണ്ടു പോകുന്നതിന് പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പെടുത്തി. എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്റ്റേഷനുകള്‍, പൊന്നുരുന്നി റെയില്‍വേ മാര്‍ഷലിംഗ് യാര്‍ഡ് എന്നിവിടങ്ങളില്‍ എത്തുന്ന സാധനങ്ങള്‍ കാക്കനാട് സിവില്‍ സ്റ്റേഷന്‍, തൃക്കാക്കര കമ്മ്യൂണിറ്റി ഹാള്‍, കെബിപിഎസ്, കളമശേരി ഗോഡൗണ്‍ എന്നീ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനും അവിടെ നിന്നും വിതരണത്തിന് തയ്യാറായ കിറ്റുകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് എത്തുക്കുന്നതിനുമായാണ് മോട്ടോര്‍ വാഹന വകുപ്പ് സഹായങ്ങള്‍ ലഭ്യമാക്കുന്നത്.
ശുചീകരണം, മൃഗങ്ങളുടെ ശവശരീരങ്ങള്‍ സംസ്‌കരിക്കല്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ സ്ഥലങ്ങളിലേക്ക് വൊളണ്ടിയര്‍മാരെ എത്തിക്കല്‍, ഭക്ഷണം, മരുന്ന് എന്നിവയുടെ വിതരണം തുടങ്ങിയവയ്ക്കും വാഹനങ്ങള്‍ നല്‍കി വരുന്നു. മറ്റ് ജില്ലകളിലേയും ഇതര സംസ്ഥാനങ്ങളിലേയും വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓരോ മേഖലയിലേയും ജോയിന്റ് ആര്‍ടിഒ മാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരാണ് വാഹനങ്ങള്‍ സംഘടിപ്പിക്കുന്നത്. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന കോളുകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ഓരോ മേഖലയിലും ലഭ്യമായ വാഹനങ്ങള്‍ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് എത്തിക്കുകയുമാണ് ചെയ്യുന്നത്.
ഈ വാഹനങ്ങള്‍ റിപ്പോര്‍ട്ടിംഗ് ഓഫീസര്‍, വാഹനത്തിന്റെ നമ്പര്‍, ഡ്രൈവറുടെ പേര്, വാഹനത്തിന്റെ ഉടമയുടെ പേര്, സ്ഥലം എന്നിവ നല്‍കി കണ്‍ട്രോള്‍ റൂമില്‍ രജിസ്റ്റര്‍ ചെയ്യണം. അവിടെ നിന്നുമാണ് പോകേണ്ട സ്ഥലത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നത്. ചരക്കുകള്‍ ഇറക്കിയതിന് ശേഷവും ഡ്രൈവര്‍മാര്‍ കണ്‍ട്രോള്‍ റൂമിലെത്തി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. വാടകയ്ക്കും ഡീസല്‍ നല്‍കിയുമാണ് വാഹനങ്ങള്‍ ലഭ്യമാക്കുന്നത്. സൗജന്യ സേവനം നല്‍കുന്നവരുമുണ്ട്. മറ്റ് ജില്ലകളിലേയും ഇതര സംസ്ഥാനത്തേയും വാഹനങ്ങള്‍ക്ക് മിക്കവാറും ഡീസല്‍ അടിച്ച് നല്‍കുകയാണ് ചെയ്യുന്നത്. വാടകയുടെ തുക റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പിന്നീടാണ് നല്‍കുക. കിലോമീറ്റര്‍, വെയ്റ്റിംഗ് ചാര്‍ജ് എന്നിവ കണക്കാക്കിയാണ് വാടക തീരുമാനിക്കുന്നത്. ആലുവ, പറവൂര്‍ ഭാഗങ്ങളിലേക്കാണ് കൂടുതലായും വാഹനങ്ങള്‍ നല്‍കുന്നത്.
രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയും രാത്രി എട്ട് മുതല്‍ രാവിലെ എട്ട് വരെയുമുള്ള രണ്ട് ഷിഫ്റ്റുകളിലായാണ് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒ, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിങ്ങനെ എല്ലാ ഉദ്യോഗസ്ഥരും ഇതിനായി പ്രവര്‍ത്തിച്ചു. 1862 ഹെവി ഗുഡ്‌സ് വെഹിക്കിള്‍, 196 ആംബുലന്‍സുകള്‍, 60 ജീപ്പുകള്‍, 50 ജെസിബി, 776 കാറുകള്‍, 506 ബസുകള്‍ എന്നിവയാണ് ഈ കാലയളവില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തിയത്. ഇതില്‍ 68 എണ്ണം കെഎസ്ആര്‍ടിസി ബസുകളാണ്.