ഉപഭോക്തൃ വാരാചരണം 2022ന് ജില്ലയിൽ തുടക്കം. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പി ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു. കർശനമായ നിയമങ്ങളും മാനദണ്ഡങ്ങളും നിലവിലുണ്ടെങ്കിലും ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്നും ഇതിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യമാണ് ഉപഭോക്തൃ വാരാചരണം മുന്നോട്ടുവയ്ക്കുന്നതെന്നും പി ബാലചന്ദ്രൻ എംഎൽഎ പറഞ്ഞു. ദേശീയ ഉപഭോക്തൃസംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പാണ് ജില്ലയിൽ പരിപാടി സംഘടിപ്പിക്കുന്നത്.
ഉപഭോക്തൃസംരക്ഷണം – വെല്ലുവിളികളും, മുന്നോട്ടുള്ള പ്രയാണവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ തൃശ്ശൂർ ജില്ലാ ഉപഭോക്തൃ കമ്മീഷൻ അംഗം ആർ റാംമോഹൻ വിഷയം അവതരിപ്പിച്ചു. വാരാചരണത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി നടത്തിയ ക്വിസ്, ഉപന്യാസം, പ്രസംഗം മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീന പറയങ്ങാട്ടിൽ വിതരണം ചെയ്തു. ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ, താലൂക്ക് സപ്ലൈ ഓഫീസർ സാബു പോൾ തട്ടിൽ, ജില്ലാ ഉപഭോക്തൃ കമ്മീഷൻ, ലീഗൽ മെട്രോളജി വകുപ്പ് പ്രതിനിധികൾ, ഉപഭോക്തൃ സന്നദ്ധ സംഘടന പ്രതിനിധികൾ, സ്കൂൾ കൺസ്യൂമർ ക്ലബ് അംഗങ്ങൾ, റേഷൻ കട പ്രതിനിധികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.