പതിനൊന്നാമത് കാര്‍ഷികസെന്‍സസിന് വയനാട് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറുടെ വസതിയില്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ പി. ഷീനയുടെ നേത്യത്വത്തില്‍ വിവരശേഖരണം നടത്തിയാണ് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംക്കുറിച്ചത്. കാര്‍ഷിക മേഖലയിലെ നയരൂപികരണങ്ങള്‍ക്ക് അടിസ്ഥാനമായ കാര്‍ഷിക സെന്‍സസില്‍ ക്യത്യമായ വിവരങ്ങള്‍ നല്‍കി എല്ലാവരും പങ്കാളികളാവണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന സര്‍വെയുടെ പ്രാഥമികഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേത്യത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എന്യുമറേറ്റര്‍മാരാണ് വിവരശേഖരണം നടത്തുന്നത്. ജില്ലാ ഓഫീസര്‍ കെ.കെ മോഹനദാസ്, താലുക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.