കൊച്ചി താലൂക്കിലെ കാര്‍ഷിക സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിവര ശേഖരണത്തിന് തുടക്കം. പള്ളുരുത്തി ബ്ലോക്കിലെ കുമ്പളങ്ങി പഞ്ചായത്തില്‍ നടന്ന കാര്‍ഷിക സെന്‍സസ് വിവര ശേഖരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു നിര്‍വഹിച്ചു. കാര്‍ഷിക സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ഗ്രാമങ്ങളുടെ വികസനത്തില്‍ പ്രധാന പങ്കുവഹിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് അംഗം ലില്ലി റാഫേല്‍ അധ്യക്ഷത വഹിച്ചു.

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന കാര്‍ഷിക സെന്‍സസ് വഴി ഭൂമിയുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. തിരഞ്ഞെടുത്ത എന്യൂമറേറ്റര്‍മാര്‍ തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കിയാണ് വിവര ശേഖരണം നടത്തുന്നത്. കര്‍ഷകരുടെയും കാര്‍ഷിക മേഖലയിലെ അഭിവൃദ്ധിക്കും നൂതന പദ്ധതികള്‍ രൂപീകരിക്കുന്നതിനും സാമൂഹിക സാമ്പത്തിക മേഖലകളില്‍ നയരൂപീകരണത്തിനുമാവശ്യമായ വിവരങ്ങളാണ് സര്‍വേയിലൂടെ ശേഖരിക്കുന്നത്.

പഞ്ചായത്തിലെ 15-ാം വാര്‍ഡിലാണ് സെന്‍സസ് ആരംഭിച്ചത്. കൊച്ചി താലൂക്കിലെ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ പി.സുധ, എനുമറേറ്റര്‍മാരായ ഷീജ സേവ്യര്‍, രേഷ്മ, മിന്നി ജോണ്‍സന്‍, പ്രീത ആല്‍ബര്‍ട്ട് എന്നിവര്‍ പങ്കെടുത്തു.