ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ പറമ്പയത്ത് നിർമ്മാണം പൂർത്തിയായ 133 -ാം നമ്പർ ഹൈടെക് അങ്കണവാടിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിച്ചു. അങ്കണവാടികൾ നാടിന്‍റെ നന്മയുടെ കേന്ദ്രങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കുട്ടികളെ പഠിപ്പിക്കുന്നതിനൊപ്പം തന്നെ കുട്ടികളുടെയും ഗർഭിണികളുടെയും വയോജനങ്ങളുടേതടക്കം ആരോഗ്യകാര്യങ്ങളിൽ ഇടപെടുകയും ചെയ്യുന്ന പ്രധാന കേന്ദ്രമാണ് അങ്കണവാടി. ഇത്തരത്തിലൊരു ഹൈടെക് അംഗൻവാടി പറവൂർ നിയോജക മണ്ഡലത്തിൽ നിർമ്മിക്കുന്ന കാര്യം ആലോചിക്കുമെന്നും പുത്തൻവേലിക്കരയിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അൻവർ സാദത്ത് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 38 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടിയുടെ കെട്ടിട നിർമ്മാണം പൂർത്തിയായത്. രണ്ടു നിലകളിലായി നിർമ്മാണം പൂർത്തിയായ കെട്ടിടത്തിൽ താഴത്തെ നിലയിൽ ക്ലാസ് റൂം, ടോയ്ലറ്റ്, സ്റ്റോർ റും സൗകര്യങ്ങളും, മുകളിലെ നിലയിൽ കളിസ്ഥലവും, മുതിർന്ന കുട്ടികൾക്കുള്ള ലൈബ്രറിയുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ചുറ്റുമതിൽ കെട്ടിത്തിരിക്കുകയും കിണർ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ചെങ്ങമനാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതി സ്മാർട്ട് അങ്കണവാടി പ്രോജക്ട്ടിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വകയിരുത്തി ചുമരുകളിൽ കളർ പെയിന്റിംഗ്, ചിത്രരചന തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുകയും സ്മാർട്ട് അംഗണവാടിക്ക് ആവശ്യമായ ഉപകരണങ്ങളും, കളി കോപ്പുകളും, ടിവി സ്പീക്കർ തുടങ്ങിയ സംവിധാനങ്ങളും സജ്ജമാക്കുകയും ചെയ്തു.
ചടങ്ങിൽ അൻവർസാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സെബ മുഹമ്മദലി പദ്ധതി വിശദീകരിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി.പ്രദീഷ്, ജില്ലാ പഞ്ചായത്തംഗം എം.ജെ.ജോമി, ജനപ്രതിനിധികളായ ഷാജൻ എബ്രഹാം, അമ്പിളി അശോകൻ, ദിലീപ് കപ്രശ്ശേരി, അമ്പിളി ഗോപി, റെജീന നാസർ, ഷക്കീല മജീദ്, നൗഷാദ് പാറപ്പുറം, ടി.വി.സുധീഷ്, ലത ഗംഗാധരൻ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ ഡോ. എം.സലീന, സി.ഡി.പി.ഒ സൂസൺ പോൾ എന്നിവർ സംസാരിച്ചു.