അക്കൗണ്ടിംഗ് മേഖലയിൽ കൂടുതൽ തൊഴിലവസരം
50ൽ പരം കമ്പനികൾ, ഉദ്യോഗാർത്ഥികൾക്ക് 11 വരെ രജിസ്റ്റർ ചെയ്യാം
അക്കൗണ്ടിംഗ് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ യുവജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽമേള തൃശൂർ, വിമല കോളേജിൽ ജനുവരി 14ന്. കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE), ടാലി എജ്യുക്കേഷൻ, ജില്ലാ ഭരണകൂടം, ജില്ലാ സ്കിൽ കമ്മിറ്റി എന്നിവ സംയുക്തമായാണ് മേള ഒരുക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ സങ്കൽപ്പ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന തൊഴിൽമേളയിൽ 50ൽ പരം കമ്പനികൾ പങ്കെടുക്കും. രാവിലെ എട്ട് മുതൽ ആരംഭിക്കുന്ന തൊഴിൽ മേളയിലേയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഉദ്യോഗാർത്ഥികളുടെ രജിസ്ട്രേഷൻ സ്റ്റേറ്റ് ജോബ് പോർട്ടൽ കേരള ( www.statejobportal.kerala.gov.in) വഴിയാണ് നടപ്പിലാക്കുന്നത്. ജനുവരി 11 വരെ ഉദ്യോഗാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ടാകും.
ടാലി സർട്ടിഫിക്കറ്റ് കോഴ്സുള്ളവർ, അക്കൗണ്ടിംഗ് മേഖലയിൽ പ്രാവിണ്യമുള്ളവർ, അക്കൗണ്ടിംഗ് വിഷയമായി പഠിച്ചവർ എന്നിവർക്ക് മുൻഗണനയുണ്ട്. തൊഴിൽമേളയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും. പി ബാലചന്ദ്രൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗിന്റെയും ടാലിയുടെയും പരിജ്ഞാനം ഒരു തൊഴിൽയോഗ്യമായ വൈദഗ്ധ്യമാണ്. അക്കൗണ്ടിംഗ് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസും ടാലി എജ്യുക്കേഷനുമായി ധാരണാപത്രം ഒപ്പിട്ടു. ഇതിലൂടെ നടപ്പിലാക്കുന്ന പരിശീലന പദ്ധതികളിലൂടെ ഉദ്യോഗാർത്ഥികൾക്ക് അവരുടെ തൊഴിലവസരം വർദ്ധിപ്പിക്കാനാകും. സംസ്ഥാനത്ത് വിവിധ വകുപ്പുകള് നടത്തുന്ന നൈപുണ്യ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മേൽനോട്ടം വഹിക്കുന്നതിനും തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ സ്ഥാപിതമായ കെയ്സിനെ സ്കിൽ സെക്രട്ടറിയേറ്റ് ആയി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജോബ് ഫെയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. എല്ലാ വിഭാഗക്കാരെയും തൊഴിൽ മേളയുടെ ഭാഗമാക്കണമെന്ന് പറഞ്ഞ കലക്ടർ മുഴുവൻ വകുപ്പുകളുടെ സഹകരണം ഉണ്ടാകണമെന്നും പറഞ്ഞു. ജില്ലാ ആസൂത്രണ ഭവൻ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, കെയ്സ് പ്രൊജക്ട് എക്സിക്യുട്ടീവ് ഓഫീസർ കെ എസ് അനന്തു കൃഷ്ണൻ, ജില്ലാ തല ഉദ്യോഗസ്ഥർ, സ്ഥാപന മേധാവികൾ എന്നിവർ പങ്കെടുത്തു.