വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കലാകാരന്മാരുടെ ‘ആര്‍ട് ഫ്രം ഹോം’ ക്യാമ്പിലെ കലാസൃഷ്ടികളുടെ പ്രദര്‍ശനം ‘ധാര’ മാനന്തവാടി ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ തുടങ്ങി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ചിത്രകാരന് ജോസഫ് എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ബി. ഹരികൃഷ്ണനാണ് പ്രദര്‍ശനം ക്യൂറേറ്റ് ചെയ്യുന്നത്. ഒരു ശില്‍പ്പമുള്‍പ്പെടെ വ്യത്യസ്ത മാധ്യമങ്ങളില്‍ രചിച്ച ഇരുപത്തൊന്നോളം കലാസൃഷ്ടികള്‍ ഈ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരള ലളിതകലാ അക്കാദമിയുടെ അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്തുന്ന ‘ധാര’ കലാപ്രദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് മാനന്തവാടി ആര്‍ട്ട് ഗ്യാലറിയിലും പ്രദര്‍ശനം നടത്തുന്നത്. ‘ആര്‍ട്ട് ഫ്രം ഹോം’ കലാ ക്യാമ്പില്‍ രചിക്കപ്പെട്ട ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഫെബ്രുവരി 7 വരെ രാവിലെ 10 മുതല്‍ വൈകീട്ട് 6.30 വരെയാണ് പ്രദര്‍ശനം.
