കേരള നിയമസഭയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം ദിനത്തിൽ ബുക്കർപ്രൈസ് ജേതാവും ശ്രീലങ്കൻ എഴുത്തുകാരനുമായ ഷെഹാൻ കരുണതിലകെ പങ്കെടുക്കും. വൈകിട്ട് 4 ന് നടക്കുന്ന മീറ്റ് ദി ഓതർ പരിപാടിയിൽ സുനിത ബാലകൃഷ്ണൻ അദ്ദേഹവുമായി സംവദിക്കും.

ആകെ എട്ട് പുസ്തകങ്ങളുടെ പ്രകാശനമാണ് മൂന്നാം ദിനം നടക്കുക. രാവിലെ 10 ന് കെ.മുരളീധരൻ എഴുതിയ ചിത്രദർശനഘട്ടം, മുടക്കാരിൻ എഴുതിയ ‘കൂടൊഴിയുമ്പോൾ തുടങ്ങിയ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. സുകുമാരൻ ചാലിഗദയുടെ ബേത്തിമാരൻ, ഗോമതി അക്കയുടെ കൊളുന്ത് തുടങ്ങിയവയിൽ പുസ്തക ചർച്ച നടക്കും. 11 ന് മലയാള നാടക പ്രസ്ഥാനം എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. കെ.പി.എ.സി സുലോചന; കലയും ജീവിതവും എന്ന രാജീവ് പുലിയൂർ എഴുതിയ പുസ്തകം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്യും.

11.30 ന് ഡോ. രതീഷ് കാളിയാടൻ എഴുതിയ പഠനത്തിന്റെ ചരണങ്ങളും അഷ്റഫ് താമരശ്ശേരിയുടെ  ആത്മകഥ ദി ലാസ്റ്റ് ഫ്രണ്ടും മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്യും. കാർട്ടൂണിസ്റ്റ് യേശുദാസന്റെ ആത്മകഥയായ ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന എന്ന പുസ്തകം രാജീവ് ഒ എൻ വി പ്രകാശനം ചെയ്യും.

ഡോ. കല്യാണി വല്ലത്ത് രചിച്ച എ കണ്ടംപററി എൻസൈക്ലോപീഡിയ ഓഫ് ലിറ്ററേച്ചർ ഓഫ് ദ അമേരിക്കാസ് ഡോ.മീന ടി പിള്ള പ്രകാശനം ചെയ്യും. ഡാനിയൽ സൈമൺ വൈദ്യർ എഴുതിയ പുലപ്പാണി വൈദ്യയം -500  എന്ന പുസ്തകം ഷിജു ഏലിയാസ് പ്രകാശനം ചെയ്യും.  ഷിജു ഏലിയാസ് എഴുതിയ ‘ചെഗുവേര ജീവിതം’ എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച നടക്കും.

ഹൈസ്‌കൂൾ, ഹയർ സെക്കൻഡറിതല വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിന്റെ ഫൈനൽ മത്സരം ഒരു മണിക്ക് നടക്കും. രണ്ട് മണിയ്ക്ക് ‘മലയാള പുസ്തക പ്രസാധക രംഗം ചരിത്രം, വർത്തമാനം, ഭാവി എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. 2.45 ന് ശ്രീകുമാരൻ തമ്പി രചിച്ച ‘കറുപ്പും വെളുപ്പും മായാവർണങ്ങളും എന്ന പുസ്തകം ചീഫ് സെക്രട്ടറി  ഡോ. വി. പി .ജോയ് പ്രകാശനം ചെയ്യും. മൂന്ന് മണിയ്ക്ക്  അന്ധവിശ്വാസത്തിനെതിരെ അടിസ്ഥാന ശാസ്ത്രം – വീട് / സ്‌കൂൾ / സമൂഹം എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും.  മുരുകൻ കാട്ടാക്കടയുടെ കവിതകൾ എന്ന പുസ്തകത്തിന്റെ ചർച്ചയും നടക്കും.

4.15 ന് നടക്കുന്ന കവിയരങ്ങിൽ കുരീപ്പുഴ ശ്രീകുമാർ, വിനോദ് വൈശാഖി, കണിമോൾ, ആര്യ  ഗോപി, സുമേഷ് കൃഷ്ണൻ എന്നിവർ പങ്കെടുക്കും. 5 മണിയ്ക്ക് നടക്കുന്ന വിഷൻ ടോക്കിൽ ടിഫാനി ബ്രാർ പങ്കെടുക്കും. ജി ആർ ഇന്ദുഗോപൻ എഴുതിയ ‘കരിമ്പുലി റോ റോ പിങ്ക് പോലീസ്’ എന്ന പുസ്തകത്തെക്കുറിച്ചും ചർച്ച നടക്കും.  6.15 ന് ‘കൈയൊപ്പിട്ട  വഴികൾ’ എന്ന വിഷയത്തിൽ ദിവ്യ എസ്. അയ്യർ സംസാരിക്കും. വൈകിട്ട് 6.15 മുതൽ തിരുവനന്തപുരം നിയോഗം നാടകവേദിയുടെ റീഡേഴ്സ് ഡ്രാമ – നടചരിതം, 7 മണിയ്ക്ക് ‘മുരളീകൃഷ്ണാസ് ബാൻഡ് ബോക്സ് ലൈവ് പരിപാടിയും നടക്കും.