വികസന കാര്യങ്ങളിൽ ജില്ലയിൽ തന്നെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഏലൂർ നഗരസഭ നടത്തുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ജില്ലയിൽ ശുചിത്വത്തിന്റെ കാര്യത്തിൽ നഗരസഭ ഒന്നാമതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏലൂർ നഗരസഭയുടെ വികസന സെമിനാർ പാതാളം നഗരസഭാ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാന സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ 100 ശതമാനം എന്ന ലക്ഷ്യം എട്ട് മാസത്തിനകം കൈവരിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞു. വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി വിദ്യാർത്ഥികൾക്കൊപ്പം പദ്ധതിയുമായി ചേർന്ന് നഗരസഭയ്ക്കും പ്രവർത്തിക്കാൻ കഴിയും. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി എല്ലാ വീടുകളിലും സമഗ്രമായി നടപ്പിലാക്കാൻ സാധിക്കണം. അടുത്ത ഒപ്പം മെഡിക്കൽ ക്യാമ്പ് ആലുവ യു.സി കോളേജിൽ ഫെബ്രുവരി രണ്ടാം ഞായറാഴ്ച്ച നടത്തും. സങ്കീർണ്ണവും ചെലവേറിയതുമായ ശസ്ത്രക്രിയകൾ സൗജന്യമായി പദ്ധതിയിലൂടെ ചെയ്തു കൊടുത്തു. 300 ശസ്ത്രക്രിയകളിലായി ഒരു കോടി രൂപയുടെ ശസ്ത്രക്രിയകൾ സൗജന്യമായി ചെയ്തു. 800 പേർക്ക് തിമിര ശസ്ത്രക്രിയും സൗജന്യമായി ചെയ്തു.
ലൈഫ് പദ്ധതിയിലേക്ക് ഏജൻസികളെ ഉൾപ്പെടുത്തി ഭവന സമുച്ചയം നിർമിക്കാനുള്ള പദ്ധതി ചർച്ച ചെയ്ത് തീരുമാനിക്കും. നിയമ സഭയിൽ നടക്കുന്ന പുസ്തകോത്സവത്തിന്റെ ഭാഗമായി നാല് ലക്ഷം രൂപയുടെ പുസ്തകങ്ങൾ മണ്ഡലത്തിലെ വിവിധ ലൈബ്രറികൾക്ക് നൽകും. ആശാ വർക്കർമാർക്ക് പ്രഷർ, ഷുഗർ എന്നിവ പരിശോധിക്കാനുള്ള യന്ത്രങ്ങൾ നൽകി, ഇത്തരം അസുഖങ്ങൾ മുൻകൂട്ടി കണ്ടെത്താനുള്ള സമഗ്രമായ പദ്ധതി നഗരസഭയ്ക്ക് ആലോചിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഏലൂർ നഗരസഭയിൽ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വർഷമായ 2023-24 വാർഷിക പദ്ധതിയിൽ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് വികസന സെമിനാർ സംഘടിപ്പിച്ചത്. നഗരസഭാ ചെയർമാൻ എ.ഡി സുജിൽ അധ്യക്ഷത വഹിച്ചു. 21 കോടി രൂപയുടെ പദ്ധതികളാണ് നഗരസഭയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. മോശമായ എല്ലാ റോഡുകളും സഞ്ചാരയോഗ്യമാക്കുമെന്നും യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി ലഭ്യമാക്കുമെന്നും കുടിവെള്ളം ഉൾപ്പെടെ എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ച് സമഗ്രമായ വികസനമാണ് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈസ് ചെയർമാൻ ലീലാ ബാബു പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ടി.എം ഷെനിൻ, അംബികാ ചന്ദ്രൻ, പി.എ ഷെറീഫ്, ദിവ്യ നോബി, പി.ബി രാജേഷ്, കൗൺസിലർമാരായ പി.എം അയൂബ്, എസ്.ഷാജി, നഗരസഭാ സെക്രട്ടറി പി.കെ സുഭാഷ്, അസിസ്റ്റൻറ് എൻജിനീയർ പി.ബി യമുന, സിഡിഎസ് ചെയർപേഴ്സൺ വിനയ സുകുമാരൻ, രാഷ്ട്രീയ പ്രതിനിധികളായ കെ.ബി സുലൈമാൻ, എസ്.അജിത് കുമാർ, ഷാജഹാൻ കവലയ്ക്കൽ, പി.ടി ഷാജി, പി.എം അലി, ഹെൻറി സീമന്തി, വാർഡ് കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.