പ്രമുഖ ശാസ്ത്രജ്ഞനും സി എസ് ഐ ആർ ഡയറക്ടറുമായിരുന്ന എ ഡി ദാമോദരന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ആണവ ശാസ്ത്രമേഖലയിലെ പ്രഗത്ഭനായ ശാസ്ത്രജ്ഞനെയാണ് എ. ഡി. ദാമോദരന്റെ നിര്യാണത്തിലൂടെ രാജ്യത്തിനു നഷ്ടമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷ രാഷ്ട്രീയ സമീപനങ്ങളുടെ വെളിച്ചത്തിലുള്ള സാമൂഹ്യബോധത്തോടെ ശാസ്ത്രകാര്യങ്ങൾ ജനങ്ങളിലെത്തിക്കാൻ അദ്ദേഹം ശ്രമിച്ചു. ഇന്ത്യയിലെ അതിപ്രഗത്ഭമായ ആണവ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച അനുഭവമുള്ള അദ്ദേഹം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനോടു സഹകരിച്ചുകൊണ്ട് പല നിലകളിലും ഉപദേശാഭിപ്രായങ്ങൾ നൽകാൻ ശ്രദ്ധിച്ചു.
ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സംഭവിച്ചത്. ഇ.എം.എസിന്റെ കുടുംബാംഗമായതു മുതൽ എന്നും ഇ.എം.എസിന്റെ രാഷ്ട്രീയ സമീപനങ്ങൾ കൂടിയ തോതിൽ ഉൾക്കൊള്ളാനും ലേഖനങ്ങളിലും മറ്റും അതു പ്രതിഫലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും ശ്രദ്ധിച്ച എ. ഡി. ദാമോദരൻ ഇടതുപക്ഷ മതേതരത്വ രാഷ്ട്രീയത്തിന്റെ ഉയർച്ചയിൽ എന്നും വലിയ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.